നെല്‍വിന്‍ വില്‍സണ്‍|
Last Modified ശനി, 22 മെയ് 2021 (08:21 IST)
സാമൂഹ്യമാധ്യമങ്ങളില്‍ ഹണിട്രാപ്പ് പിടിമുറുക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് പല സംഭവങ്ങളുടെയും തുടക്കം. അപരിചിതരുടെ അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ ശ്രദ്ധിക്കണം.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പേരില്‍ ഫ്രണ്ട് റിക്വസ്റ്റ് വരും. അപരിചിതരായിരിക്കും ഇങ്ങനെ റിക്വസ്റ്റ് അയക്കുക. അതിനുശേഷം വളരെ മാന്യമായി ചാറ്റ് ചെയ്യും. ഫെയ്‌സ്ബുക്ക് ചാറ്റിലൂടെ വാട്‌സ്ആപ്പ് നമ്പര്‍ ചോദിക്കുകയാണ് അടുത്ത ഘട്ടം. വാട്‌സ്ആപ്പ് നമ്പര്‍ ലഭിച്ചാല്‍ പിന്നെ മെസേജ് അതിലൂടെയായിരിക്കും. നിങ്ങളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ആവശ്യപ്പെടും.
വാട്‌സ്ആപ്പ് വീഡിയോ കോള്‍വഴി അവരുടേതെന്ന് തോന്നിപ്പിക്കുന്ന നഗ്‌നവീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. നിങ്ങളുടെ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. വീഡിയോ കോളിലൂടെ നിങ്ങള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ അത് അവര്‍ റിക്കോര്‍ഡ് ചെയ്യുകയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിങ്ങളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്യും. ഇത്തരം വീഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് മാനഹാനി ഉണ്ടാക്കാനും ഇവര്‍ ശ്രമിക്കാറുണ്ട്. ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളാണ് ഇതിനു പിന്നില്‍.
അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. നഗ്നത പ്രദര്‍ശിപ്പിച്ചുള്ള ചിത്രങ്ങളും വീഡിയോയും അയച്ചുകൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇത്തരം ഹണിട്രാപ്പ് സാധ്യതകള്‍ കണ്ടാല്‍ പൊലീസിനെ അറിയിക്കാനും ശ്രദ്ധിക്കണം.
സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മീഡിയ വിഭാഗം മുന്നറിയിപ്പ് നല്‍കി. അപരിചിതമായ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും വാട്‌സ്ആപ്പ് നമ്പറുകളില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുകയാണ് ഉചിതമെന്നും പൊലീസ് പറയുന്നു.