അഭിറാം മനോഹർ|
Last Modified ശനി, 27 ജനുവരി 2024 (08:30 IST)
മണിചെയിന്‍ തട്ടിപ്പിലൂടെ ഹൈറിച്ച് കമ്പനി ഉടമകള്‍ കൈവശപ്പെടുത്തിയത് 1,157 കോടി രൂപയെന്ന് ഇ ഡി. എച്ച് ആര്‍ കോയിന്‍ എന്ന പേരില്‍ ഒരു കോയിന്‍ പുറത്തിറക്കി. ഇതിന്റെ പേരിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നതെന്നും ഇതിലൂടെ നിക്ഷേപകരില്‍ നിന്നും1,138 കോടി രൂപ സമാഹരിച്ചെന്നും ഇ ഡി പറയുന്നു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയതെന്ന് ഇ ഡി വ്യക്തമാക്കുന്നു.
അഞ്ച് കമ്പനികള്‍ വഴിയാണ് ഹൈറിച്ച് ഉടമകളായ കെ ഡി പ്രതാപനും ശ്രീന പ്രതാപനും 1,157 കോടി രൂപ സമാഹരിച്ചത്. ഇടപാടുകള്‍ വഴി കോടികളുടെ കള്ളപ്പണ ഇടപാടാണ് നടത്തിയത്. അഞ്ച് കമ്പനികളുടെ പേരില്‍ 50 ബാങ്ക് അക്കൗണ്ടുകളിലായി 212 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇത് ഇ ഡി മരവിപ്പിച്ചു. ഇതിന് പുറമെ സമാഹരിച്ച പണം വിദേശത്തെയ്ക്ക് കടത്തിയതായാണ് ഇ ഡി സംശയിക്കുന്നത്. അതേസമയം ഇ ഡി റെയ്ഡിന് മുന്‍പ് രക്ഷപ്പെട്ട ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമകളായ കെ ഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവില്‍ തുടരുകയാണ്.