കൊച്ചി|
jibin|
Last Modified ചൊവ്വ, 4 ഡിസംബര്‍ 2018 (17:47 IST)
ശബരിമലയിലെ പൊലീസ് ഇടപെടലുകളെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രന് 25000 രൂപ പിഴ ശിക്ഷ. വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുത്. വികൃതമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരി ഉന്നിയിച്ചതെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
കോടതി നടപടി എല്ലാവർക്കും പാഠമാകണമെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെ ശോഭാ സുരേന്ദ്രന്റെ അഭിഭാഷകന്‍ നിരുപാധികം മാപ്പ് പറഞ്ഞ് തലയൂരി. മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും പിഴയടക്കണമെന്നും ഈ തുക ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.
അതേസമയം, താന്‍ പബ്ലിസിറ്റിക്കുവേണ്ടിയല്ല പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതെന്നും കോടതി വിധിച്ച പിഴ അടയ്ക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട സെപ്റ്റംബര്‍ 29 മുതല്‍ പൊലീസ് അറസ്റ്റ് ചെയ്ത അയ്യപ്പഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കുന്നതിന് നടപടി വേണം. പൊലീസുകാരുടെ വീഴ്ച്ചക്കെതിരെ നടപടി വേണം എന്നീ ആവശ്യങ്ങളായിരുന്നു ശോഭാ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.