രേണുക വേണു|
Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2024 (13:19 IST)
മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരും. ഉച്ചയ്ക്കു 2.30 നു ശേഷം റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 233 പേജുകളാണ് പുറത്തുവിടുക.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരിക്ക് വേണമെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കം മൊഴി നല്‍കിയ താന്‍ കണ്ട ശേഷമേ, റിപ്പോര്‍ട്ട് പുറത്തു വിടാന്‍ പാടുള്ളൂ എന്നായിരുന്നു അപ്പീലില്‍ രഞ്ജിനി ആവശ്യപ്പെട്ടത്.
കമ്മിറ്റിക്ക് മുന്നില്‍ രഞ്ജിനി മൊഴി നല്‍കിയിട്ടുണ്ട്. ആ മൊഴി പുറത്തു വരരുത് എന്നാണ് കോടതിയില്‍ രഞ്ജിനിയുടെ അഭിഭാഷകന്‍ പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ പുറത്തു വരരുത് എന്നാണോ താങ്കളുടെ ആവശ്യമെന്ന് കോടതി ചോദിച്ചു. കമ്മിറ്റിക്ക് മുമ്പില്‍ മൊഴി നല്‍കിയപ്പോള്‍, മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് അറിയിച്ചിരുന്നു. ആ ഉറപ്പു പാലിക്കണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.