സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 7 നവംബര്‍ 2024 (16:58 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. കോടതിയെ സഹായിക്കുന്നതിനായി അഡ്വ. മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ചാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ പ്രത്യക അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. ഈ മാസം 21ന് വീണ്ടും വാദം കേള്‍ക്കും.
ഡിസംബര്‍ 31നകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും കോടതി പ്രകടിപ്പിച്ചു. നിലവില്‍ 26 കേസുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്തിട്ടുള്ളത്. ഇതില്‍ 18 കേസുകളില്‍ മൊഴി നല്‍കിയവര്‍ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് 5 പേരും മൊഴി നല്‍കിയതായി ഓര്‍ക്കുന്നില്ലെന്ന് മൂന്നു പേരും പ്രതികരിച്ചതായും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.