Last Modified ചൊവ്വ, 23 ജൂലൈ 2019 (08:13 IST)
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ് നൽകിയിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെയും മഴയ്ക്ക് ശമനമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന രണ്ട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന മലപ്പുറം ജില്ലയിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറത്തെ കൂടാതെ വയനാട്ടിലും കോഴിക്കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അമ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോരപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ 25 മണിക്കൂറില്‍ 204 മില്ലി മീറ്ററില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രതപാലിക്കാനും ക്യാമ്പുകള്‍ തയ്യാറാക്കുന്നതുമുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.
കോട്ടയം ജില്ലയില്‍ അയര്‍ക്കുന്നം പുന്നത്തറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഒഴികെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില് മാത്രം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം 225 ആയി. കടല്‍ക്ഷോഭം രൂക്ഷമായ ആറാട്ടുപുഴയിലും കാട്ടൂരിലുമാണ് ക്യാമ്പുകള്‍ തുറന്നത്.
കാസറഗോഡ് വെള്ളരിക്കുണ്ട് കനകപ്പള്ളിയില്‍ വീടിന് മുകളില്‍ മരം വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാസറഗോഡ് കാക്കടവ് ചെക്ക് ഡാമിന് സമീപത്തെ പാര്‍ശ്വഭിത്തി തകര്‍ന്നിരിക്കുകയാണ്. കനത്ത മഴയില്‍ കാലടി യോര്‍ദനാപുരം മഠത്തിപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ വീട് തകര്‍ന്നു. പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി.
ജൂലൈ 24ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ നാളെ എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലി മീറ്ററില്‍ താഴെ) അതിശക്തമായതോ (115 മില്ലിമീറ്റര്‍ മുതല്‍ 204.5 മില്ലിമീറ്റര്‍ വരെ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുകയെന്നതാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ടുദ്ദേശിക്കുന്നത്.