മഴയ്ക്ക് നേരിയ ശമനം; 13 ജില്ലകളിലും റെഡ് അലേർട്ട്

അപർണ| Last Updated: വെള്ളി, 17 ഓഗസ്റ്റ് 2018 (10:34 IST)
കനത്തമഴയും വെള്ളപ്പൊക്കവും കേരളത്തില്‍ വ്യാപകമായ നാശം വിതച്ച സാഹചര്യത്തില്‍ റെഡ‍് അലേര്‍ട്ട് തുടരുന്നു. ഞായറാഴ്ച വരെ കനത്ത തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ 13 ജില്ലകളിലാണ് ഇപ്പോൾ റെഡ് അലേര്‍ട്ട് തുടരുന്നത്.

ആഗസ്റ്റ് 19, 20 തിയ്യതികളില്‍ മഴ കുറയാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തുന്നുണ്ട്. കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ മഴ കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ടെങ്കിലും എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.


അതേസമയം, ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ഡമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് 2402.30 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ ഹൈ അലെർട്ട് പ്രഖ്യാപിച്ചു.

എന്നാൽ ഉടൻ കൂടുതൽ ജലം ഡാമിൽ നിന്നും തുറന്നു വിട്ടേക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാൽ നീരൊഴുക്ക് ശക്തമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിൽ നിന്നും അധിക ജലം തുറന്നു വിടാതെ മറ്റു മാർഗങ്ങളില്ല.

അധിക ജലം തുറന്നു വിടുന്നതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും വർധിക്കും. നിലവിൽ ആലുവയിലും എറണാകുളത്തും രക്ഷാ പ്രവർത്തനങ്ങൾ നടത്താനാവാത്ത വിധം പല സ്ഥലങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡാമിലെ അധിക ജലം തുറന്നു വിടാൻ വൈകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :