സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 27 സെപ്റ്റംബര്‍ 2022 (11:04 IST)
സൗജന്യ ചികിത്സയില്‍ ഇന്ത്യയില്‍ കേരളം ഒന്നാമത്. ഇന്ത്യയില്‍ ആകെ നല്കിയ സൗജന്യ ചികിത്സയില്‍ 15 ശതമാനത്തോളം കേരളത്തില്‍. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന് 4.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം കരസ്ഥമാക്കി. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയില്‍ നിന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുരസ്കാരം ഏറ്റുവാങ്ങി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പദ്ധതി വിനിയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കോഴിക്കോടും കോട്ടയവും ആണ്. ഒരു മണിക്കൂറില്‍ 180 രോഗികള്‍ക്ക് വരെ (1 മിനിറ്റില്‍ പരമാവധി 3 രോഗികള്‍ക്ക്) പദ്ധതിയുടെ ആനുകൂല്യം നല്കാന് കഴിഞ്ഞതിലൂടെയാണ് കേരളത്തെ തിരഞ്ഞെടുക്കാന്‍ കാരണമായത്. കാസ്പ് രൂപീകരിച്ച് ഇതുവരെ 43.4 ലക്ഷം സൗജന്യ ചികിത്സ ലഭ്യമാക്കിയ ഇനത്തില്‍ 1636.07 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലൂടെയും പദ്ധതിയുടെ സേവനം ലഭ്യമാണ്.