എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (12:46 IST)
ആറ്റിങ്ങൽ: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കോടതി 30 വർഷം കഠിന തടവ് വിധിച്ചു. നാവായിക്കുളം സ്വദേശി ആദർശ് എന്ന 27 കാരണാണ് 30 വർഷത്തെ തടവും ഒരു ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചത്.
2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടക വീട്ടിൽ താമസിച്ചിരുന്ന ബാലിക ബന്ധുവായ പ്രതിയുടെ വീട്ടിൽ ടി.വി കാണുന്നതിനെത്തിയപ്പോൾ ആയിരുന്നു ഉപദ്രവിച്ചത്. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ച അധ്യാപകർ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരാതി നൽകിയതോടെ കല്ലമ്പലം പോലീസ് കേസെടുത്തു പ്രതിയെ പിടികൂടി.
ആറ്റിങ്ങൽ ഫാസ്റ് ട്രാക്ക് മജിസ്ട്രേറ്റ് കോടതി സ്പെഷ്യൽ ജഡ്ജി വി.പി.പ്രഭാഷ ലാൽ ആണ് ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ കുട്ടിക്ക് അര ലക്ഷം രൂപാ നഷ്ടപരിഹാരമായി നൽകണമെന്നും വിധിച്ചു.