എ കെ ജെ അയ്യര്|
Last Modified വെള്ളി, 8 ഏപ്രില് 2022 (18:46 IST)
തിരുവനന്തപുരം: കേവലം ഒമ്പതു വയസുമാത്രം പ്രായമുള്ള ബാലികയെ പകൽ സമയം ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പല തവണ പീഡിപ്പിച്ച പ്രതിയെ കോടതി ജീവിതാവസാനം വരെ കഠിന തടവും മുക്കാൽ ലക്ഷം രൂപയും പിഴ ശിക്ഷ വിധിച്ചു.
മണ്ണന്തല ചെഞ്ചേരി ലെയിനിൽ കരുങ്കുളം തൃഷാലയത്തിൽ ത്രിലോക് എന്ന അനിയെയാണ് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്.
2012 നവംബർ മുതൽ 2013 മാർച്ച് വരെയുള്ള കാലയളവിലാണ് നാലാം ക്ളാസിൽ പഠിക്കുന്ന കുട്ടിയെ പല തവണ പ്രതി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാവും പിതാവും ജോലിക്കായി പത്തനംതിട്ടയിലായിരുന്ന സമയത്ത് കുട്ടി അമ്മൂമ്മയ്ക്കൊപ്പം ആയിരുന്നു താമസം. കുട്ടിയുടെ പിതാവിന്റെ സുഹൃത്തായിരുന്നു പ്രതി. പ്രതിയുടെ ഓട്ടോയിലായിരുന്നു കുട്ടിയെ സ്കൂളിൽ നിന്ന് വീട്ടിൽ കൊണ്ടാക്കിയിരുന്നത്.
കുട്ടിയെ കോട്ടയ്ക്കകത്തുള്ള പത്മവിലാസം റോഡിലെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയായിരുന്നു ഇയാൾ പീഡിപ്പിച്ചത്. ഒരു തവണ ആയുർവേദ കോളേജിനടുത്തുള്ള ഒരു ലോഡ്ജിൽ കൊണ്ടുപോയി പാനീയത്തിൽ ലഹരി മരുന്ന് കലർത്തി നൽകിയ ശേഷം പീഡിപ്പിച്ചു. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ തുടർച്ചയായ പീഡനത്തെ തുടർന്ന് കുട്ടിക്ക് അണുബാധയുണ്ടാവുകയും കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപിക ചോദ്യം ചെയ്തപ്പോൾ കുട്ടി കാര്യങ്ങൾ തുറന്നു പറയുകയുമായിരുന്നു. പിന്നീടാണ് അധ്യാപകർ പോലീസിൽ പരാതി നൽകിയതും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഒരു ദയയും അര്ഹിക്കുന്നില്ലെന്നാണ് കോടതി പറഞ്ഞത്.