ചികിൽസ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജിനും സ്വകാര്യ ആശുപത്രികൾക്കുമെതിരെ നരഹത്യയ്ക്ക് കേസ്; ഡോക്ടർമാരുടെയും ജീവനക്കാരുടെയും വീഴ്ച സംബന്ധിച്ചും അന്വേഷണം

കാരിത്താസ്, മാതാ ആശുപത്രികള്‍ക്കെതിരെയാണ് ആരോപണം.

Last Modified വ്യാഴം, 6 ജൂണ്‍ 2019 (08:25 IST)
എച്ച് വണ്‍ എന്‍ വണ്‍ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മനപൂര്‍വമല്ലാത്ത നരഹത്യ, ചികിത്സ പിഴവ് എന്നിവയ്ക്കാണ് കേസ്. കോട്ടയം മെഡിക്കല്‍ കോളേജിനും രണ്ട് സ്വകാര്യ ആശുപത്രിക്കും എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ഇടുക്കി സ്വദേശി ജേക്കബ് തോമസാണ് കൃത്യസമയത്ത് ചികത്സ കിട്ടാതെ മരിച്ചത്. മരിച്ചയാളുടെ മകളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ബുധനാഴ്ച്ച ഉച്ചയോടെ ശ്വാസം തടസം നേരിട്ടതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. ചികില്‍സ ലഭിക്കാതിരുന്നതോടെ രണ്ട് മണിക്കൂറോളം രോഗി ആംബുലന്‍സില്‍ കഴിയേണ്ടി വന്നെന്നാണ് മകളും ബന്ധുക്കളും ആരോപിക്കുന്നത്.

ആംബുലന്‍സില്‍ എത്തിച്ച രോഗിയെ വെന്റിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുവെന്നും പരാതിയുണ്ട്. മതിയായ സമയത്ത് ചികില്‍സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ജേക്കബ് തോമസിന്റെ മകള്‍ ഇ്ന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. മെഡിക്കല്‍ കോളജില്‍ നിന്നും സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും ഇവരും ചികില്‍സ നല്‍കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. കാരിത്താസ്, മാതാ ആശുപത്രികള്‍ക്കെതിരെയാണ് ആരോപണം.

വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് അറിയിച്ചതോടെ രോഗിയുമായി ആംബുലന്‍സ് മടങ്ങിപ്പോവുകയായിരുന്നെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഡോക്ടര്‍ പരിശോധിക്കാന്‍ ആംബുലന്‍സില്‍ എത്തിയപ്പോഴേക്കും അവര്‍ മടങ്ങുകയായിരുന്നെന്നും ആര്‍എംഒ മാധ്യമങ്ങളോട് പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :