പഞ്ചായത്തിലെ കോവിഡ് സ്ഥിതി മുഴുവന്‍ ഒറ്റ ക്ലിക്കില്‍; മാതൃകയായി ഗ്രാസ്വേ

നെല്‍വിന്‍ വില്‍സണ്‍| Last Updated: വ്യാഴം, 20 മെയ് 2021 (14:10 IST)

തൃശ്ശൂര്‍ ജില്ലയിലെ വേലൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരൊറ്റ ജാലകത്തിലൂടെ ലഭ്യമാക്കുന്ന കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് രൂപംനല്‍കി. ഗ്രാസ്വേ കോവിഡ് ഫോക്കസ് എന്നാണ് ഡിജിറ്റല്‍ പോര്‍ട്ടലിന്റെ പേര്. സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു പോര്‍ട്ടല്‍. നാട്ടിലെ വിവരങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്.

വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗ്രാമ്യ സംസ്‌കൃതി വേലൂര്‍ എന്ന
ഗ്രാസ്വേ. ലഹരി വിമുക്ത ആശയം ഉള്‍കൊണ്ട് ആരംഭിച്ച കൂട്ടായ്മയില്‍ 146 അംഗങ്ങള്‍ ഉണ്ട്. വര്‍ഷങ്ങളായി വേലൂരിലെ കലാ-സാംസ്‌കാരിക-കായിക രംഗത്ത് ഇടപെടുന്ന യുവജന കൂട്ടായ്മയായ ഗ്രാസ്വേ, കോവിഡ് കാലത്താണ് ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സാധ്യതകളെ ഉപയോഗിച്ച്‌കൊണ്ട് തൃശ്ശൂര്‍ ജില്ലക്ക് പുറത്തേക്ക് പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴി വ്യാപിപ്പിക്കുന്നത്. ഈ വര്‍ഷം മുതല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള 10 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അംഗത്വം നല്‍കിയിട്ടുണ്ട്. മഹാമാരിക്കാലത്ത് ഡിജിറ്റല്‍ സാക്ഷരതാ മിഷന്‍ പദ്ധതിയുടെ ഭാഗമായി 1200 ലധികം പേര്‍ക്കായി വിവിധ ഡിജിറ്റല്‍ ശില്പശാലകള്‍ നടത്തുകയുണ്ടായി.

പോര്‍ട്ടലിന്റെ പ്രധാന പ്രത്യേകത വേലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് ട്രെന്‍ഡ് മനസ്സിലാക്കാന്‍ കഴിയുന്ന ഡാഷ്‌ബോര്‍ഡ് തന്നെയാണ്. കോവിഡ് പോസിറ്റിവിറ്റി ട്രെന്‍ഡ് വാര്‍ഡ് തിരിച്ചും ലഭ്യമാണ്. വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രദേശവാസികള്‍ക്കായി പുറത്തു വിടുന്ന പബ്ലിക് ഡാറ്റ മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. അന്നന്നത്തെ കണക്ക് മാത്രം പുറത്തു വരുന്ന ഈ സമയത്ത് മുന്‍ ദിവസങ്ങളിലെ ഡാറ്റ ശേഖരിക്കുകയും അവ ട്രെന്‍ഡ് ഡാഷ്‌ബോര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുകയും ചെയ്തു, അതിനു ശേഷം ഇനി
ഓരോ ദിവസത്തെയും ഡാറ്റ ഇത്തരത്തില്‍ പ്ലോട്ട് ചെയ്യും. ഇതിനു പുറമെ ഗ്രാസ്വേ കോവിഡ് ഫോക്കസ് എന്ന പോര്‍ട്ടല്‍ പ്രാദേശികമായ ഒരു കോണ്‍ടാക്ട് ഡയറക്ടറി കൂടിയാണ്. കോവിഡ് ഹെല്പ് ഡെസ്‌ക്, കണ്ട്രോള്‍ റൂം തുടങ്ങിയ എമര്‍ജന്‍സി നമ്പറുകളില്‍ തുടങ്ങി, വാര്‍ഡ് തിരിച്ച് - ആശാ വര്‍ക്കേഴ്‌സ്, വാര്‍ഡ് മെംബേര്‍സ്, RRT മെമ്പേഴ്സ്, അടുത്തുള്ള ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കോവിഡ് കാലത്ത് സേവനം നല്‍കുന്ന ടാക്‌സികള്‍, ലബോറട്ടറികള്‍, പള്‍സ് ഓക്‌സിമീറ്റര്‍ പോലുള്ള ആരോഗ്യ ഉപകരണങ്ങള്‍ ലഭ്യമാകുന്ന കോണ്ടാക്ടുകള്‍, ടെലി കൗണ്‍സലിംഗ് തുടങ്ങിയവ പോര്‍ട്ടലില്‍ ലഭ്യമാണ്.

ഗ്രാമ പഞ്ചായത്ത് തലത്തിലുള്ള അറിയിപ്പുകളും ആവശ്യങ്ങളും പോര്‍ട്ടലില്‍ നല്‍കുന്നതാണ്. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ ലഭ്യമാണോ എന്ന് വളരെ എളുപ്പത്തില്‍ പരിശോധിക്കാനുള്ള സംവിധാനവും, വാക്‌സിനേഷന് വേണ്ടി എങ്ങനെ രജിസ്റ്റര്‍ ചെയ്യണം, ആര്‍ക്കൊക്കെ ചെയ്യാം, എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍ തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്.

കോവിഡ് കാലത്ത് അറിഞ്ഞിരിക്കേണ്ട വിവരങ്ങളും വ്യാജ വാര്‍ത്തകളെ തിരിച്ചറിയേണ്ട രീതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രി/ എമര്‍ജന്‍സി യാത്രകള്‍ക്ക് വേണ്ടിയുള്ള ഇ-പാസ്സിനു വേണ്ടി അപേക്ഷിക്കാനുള്ളതും സത്യവാങ്മൂലത്തിന്റെ മാതൃക നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതുമായ ലിങ്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടപ്പം കോവിഡ് തരംഗത്തില്‍ പെട്ട് പട്ടിണി അനുഭവിക്കുന്നവരെ സഹായിക്കാനായി 'പ്രൊജക്റ്റ് ഹാപ്പിനെസ്സ്' എന്നൊരു പദ്ധതിയും ആരംഭിച്ചിട്ടുണ്ട്, ഇതിലേക്കുള്ള വിവരങ്ങള്‍ പോര്‍ട്ടല്‍ വഴി നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങളും സംവിധാനങ്ങളും പ്രദേശവാസികളുടെ ആവശ്യങ്ങള്‍ അനുസരിച്ച് വരും ദിവസങ്ങളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു.

സോഫ്റ്റ്‌വെയർ എഞ്ചിനീയറും ഗ്രാസ്‌വേ പ്രവർത്തകനുമായ മനുരാജ്
രാജമണികണ്ഠനാണ് പൂർണ്ണമായും പോർട്ടൽ ഡെവലപ്പ് ചെയ്തത്. സ്മാർട്ട് ഫോണുകളിലും ടാബ്ലെറ്റുകളിലും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള റെസ്പോൺസീവ് ആയ ഡിസൈനിൽ
പൂർണ്ണമായും മലയാളത്തിലാണ് പോർട്ടൽ നിർമ്മിച്ചിരിക്കുന്നത്. ഈ പോർട്ടൽ സ്മാർട്ട്ഫോണുകളിൽ
എളുപ്പത്തിൽ ലഭിക്കുവാൻ വേണ്ടി ഒരു ആൻഡ്രോയിഡ് ആപ്പ് നിർമ്മിക്കാനും പദ്ധതിയുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :