എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 24 ഡിസംബര്‍ 2021 (18:13 IST)
കാസർകോട്: കസ്റ്റംസ് നടത്തിയ വാഹന പരിശോധനയിൽ മൂന്നേകാൽ കോടിയുടെ സ്വർണ്ണം പിടികൂടി. കാറിനുള്ളിൽ പ്രത്യേക തയ്യാറാക്കിയ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണ്ണം. കാർ ഓടിച്ചിരുന്ന മഹാരാഷ്ട്രാ കോലാപ്പൂർ സ്വദേശി മഹേഷിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കാറിൽ കടത്തിയ 6.600 കിലോ സ്വർണ്ണമാണ് പിടികൂടിയത്. കാസർകോട് വഴി കാറിൽ സ്വർണ്ണം കടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനടുത്തു വച്ചായിരുന്നു കസ്റ്റംസ് വാഹനം പിടികൂടിയത്. കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്നു സ്വർണ്ണം എന്ന് കസ്റ്റംസ് വെളിപ്പെടുത്തി.