എ കെ ജെ അയ്യര്‍|
Last Updated:
തിങ്കള്‍, 9 നവംബര്‍ 2020 (18:01 IST)
പാലക്കാട്: കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് ശേഖരവുമായി ആന്ധ്രാ സ്വദേശിയായ കഞ്ചാവ് മുഖ്യ വ്യാപാരി പിടിയിലായി. ആന്ധ്ര പ്രദേശ് നെല്ലൂര്‍ ബട്ടുവരിപ്പാലം വില്ലേജില്‍ ബോറെസ്സി വെങ്കടേശ്വരലു റെഡ്ഢി എന്ന മുപ്പത്തഞ്ചുകാരനാണ് പിടിയിലായത്. വിപണിയില്‍ മൂന്നു കോടി രൂപ വിലവരുന്ന 296 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
പാലക്കാട് മഞ്ഞക്കുളം പള്ളിക്ക് അടുത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയത്. പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സേന, ടൗണ്‍ സൗത്ത് പോലീസ് എന്നിവരുടെ സംയുക്ത നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം സഹായി സേലം പണമരത്ത്പെട്ടി സ്വദേശി വിനോദ് കുമാര്‍ (27), ഡ്രൈവര്‍ എന്നിവരും പിടിയിലായി.
മിനിലോറിയില്‍ പ്ലാസ്റ്റിക് കുപ്പി എന്ന വ്യാജേനയാണ് ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തിന്നു നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. അടുത്തിടെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മൊത്തമായും ചില്ലറയായും വന്‍ തോതില്‍ കഞ്ചാവ് പിടികൂടിയിരുന്നു.