രേണുക വേണു|
Last Modified ശനി, 23 ഡിസംബര്‍ 2023 (08:41 IST)
മന്ത്രിസഭ പുനഃസംഘടനയില്‍ ധാരണയായി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ആന്റണി രാജു, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ മന്ത്രിസ്ഥാനം നഷ്ടമാകാനാണ് സാധ്യത. ഗണേഷ് കുമാറിനായിരിക്കും ഗതാഗത വകുപ്പ്. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29 നു നടക്കും.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയത്ത് തന്നെ രണ്ടര വര്‍ഷം വീതമുള്ള രണ്ട് ടേമുകളിലായി മന്ത്രിസ്ഥാനം വീതിച്ചു നല്‍കാന്‍ തീരുമാനിച്ചിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിനു നേരത്തെ കത്ത് നല്‍കിയിരുന്നു. നവകേരള സദസ് അവസാനിച്ച ശേഷം മതി മന്ത്രിസഭ പുനഃസംഘടന എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതുപ്രകാരം ഇന്ന് നവകേരള സദസ് അവസാനിച്ചു കഴിഞ്ഞാല്‍ പുതിയ മന്ത്രിമാരേയും അവര്‍ക്കുള്ള വകുപ്പുകളും പ്രഖ്യാപിക്കും.
ഗതാഗത വകുപ്പിനോട് ഗണേഷ് കുമാറിനു താല്‍പര്യക്കുറവ് ഉണ്ടായിരുന്നു. ഇക്കാര്യം ഇടതുമുന്നണിയേയും മുഖ്യമന്ത്രിയേയും അറിയിക്കുകയും ചെയ്തു. എന്നാല്‍ വകുപ്പുകള്‍ മാറ്റുന്നതിനോട് മുഖ്യമന്ത്രിക്ക് യോജിപ്പില്ല. ഇടതുമുന്നണി നേരത്തെ തീരുമാനിച്ചതു പോലെ മതി പുനഃസംഘടന എന്നാണ് മുഖ്യമന്ത്രി നിലപാടെടുത്തത്.