മീൻപിടിത്തത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (15:47 IST)
പാലക്കാട്: സുഹൃത്തുക്കളുമൊത്ത് മീൻ പിടിക്കുന്നതിനിടെ അപകടത്തിൽ പെട്ട് യുവാവ് മരിച്ച സംഭവത്തിൽ യുവാവിന്റെ സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ മുരളീധരന്റെ മകൻ വിനു എന്ന 27 കാരന്റെ മരണവുമായി ബന്ധപ്പെട്ടു കുലുക്കപ്പാറ ഐ.എച്ച്.ഡി.പി കോളനി സ്വദേശി സന്തോഷ്, കരിമണ്ണ് സ്വദേശി മണികണ്ഠൻ എന്നിവരാണ് പിടിയിലായത്.

കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി ഐ.എസ്.ഡി ഫാമിനടുത്തുള്ള പുഴയിലെ ചെക്ക് ഡാമിൽ മീൻ പിടിക്കുന്നതിനിടെ അപകടം ഉണ്ടായി എന്ന് പറഞ്ഞു സമീപത്തുള്ള നാടുകളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഉടൻ തന്നെ മരണം സംഭവിച്ചു. മീൻപിടുത്തത്തിനിടെ പുഴയിൽ വീണതാണ് അപകടകാരണം എന്നാണു സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇയാൾ ഷോക്കേറ്റാണ് മരിച്ചതെന്ന് കണ്ടെത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെക്ക് ഡാമിന് മുകളിൽ കൂടി പോകുന്ന ലൈനിൽ നിന്ന് വൈദ്യുതി കവർന്നു വെള്ളത്തിലേക്ക് പ്രവഹിപ്പിച്ചു മീൻ പിടിക്കുമ്പോൾ വിനുവിന് ഷോക്കേൽക്കുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പോലീസിനോട് സമ്മതിച്ചു. ഇവർക്കെതിരെ മനഃപൂർവം അല്ലാത്ത നരഹത്യയ്‌ക്കും വൈദ്യുതി മോഷണത്തിനുമാണ് കേസെടുത്തത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :