എ കെ ജെ അയ്യർ|
Last Modified ഞായര്‍, 8 ജനുവരി 2023 (15:24 IST)
കൊല്ലം : ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെ ഭാരവാഹികളായ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്ക് കണക്കുകളിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ടു സസ്‌പെൻഷൻ നൽകി. ഹോസ്റ്റൽ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ടു നൽകിയ ബില്ലുകളിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്.രാജേന്ദ്രൻ നായർ, മുൻ സെക്രട്ടറി അമൽജിത്ത്, യു.ഡി.ക്ലർക്ക് നിതിൻ റോയ്‌യും, ഓഫീസ് അറ്റന്ഡന്റ് പി.ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും.
നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ സാധനം വാങ്ങിയതായി വ്യാജ ബില്ലുകൾ ഉണ്ടാക്കിയായിരുന്നു വെട്ടിപ്പ്. ഈ ബില്ലുകൾ എല്ലാം എഴുതിയത് ഓഫീസ് അറ്റന്ഡന്റായ ഉമേഷാണെന്നും കണ്ടെത്തി. പ്രതിദിനം ഒരു കുട്ടിക്ക് 250 രൂപയുടെ ഭക്ഷണ ചിലവാണ് നൽകുന്നത്. എന്നാൽ 150 രൂപയുടെ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല എന്നാണ് പരാതി ഉണ്ടായത്. തട്ടിപ്പു കാണിച്ചവർക്ക് അർഹമായ ശിക്ഷ നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.അബ്ദുൽ റഹ്‌മാൻ വെളിപ്പെടുത്തി.