എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (19:49 IST)
കോട്ടയം: ഇറ്റലിയിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത മുൻ ഐ.എൻ.ടി.യു.സി നേതാവ് പിടിയിലായി. കോട്ടയം ജില്ലയിലെ വള്ളിച്ചിറയിൽ പി.സി.തോമസ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. പാലാ ജൂഡീഷ്യൽ ഫാസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്.
കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നായി നിരവധി പേരിൽ നിന്നായാണ് ഇയാൾ രണ്ട് കോടി രൂപയോളം തട്ടിയെടുത്തത്. പാലായിലെ ഐ.എൻ.ടി.യു.സി നേതാവായിരുന്ന ഇയാൾ ആ ബന്ധം ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
പാലാ പോലീസ് രജിസ്റ്റർ ചെയ്ത അന്വേഷണം തുടങ്ങിയപ്പോൾ ഇയാൾ ഒളിവിൽ പോയി. മൈസൂരിൽ ഇയാൾ ഉണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് അവിടെയുള്ള താമസസ്ഥലമായ ലോഡിൽ എത്തി. എന്നാൽ ഇതേ സമയം സമാനമായ തട്ടിപ്പു കേസിൽ അന്വേഷിക്കാൻ എത്തിയ ഇടുക്കി ജില്ലയിലെ മുരിക്കാശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കാളിയാർ, കഞ്ഞിക്കുഴി, കുമളി കാഞ്ഞാർ, കളമശേരി, കടുത്തുരുത്തി എന്നീ പോലീസ് സ്റ്റേഷനുകളിൽ
നിരവധി കേസുകളാണുള്ളത്.