അപർണ|
Last Modified ശനി, 18 ഓഗസ്റ്റ് 2018 (08:34 IST)
സംസ്ഥാനത്തെ വിഴുങ്ങിയ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 326 പേർ. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 324 ആണ്. എന്നാൽ, പ്രളയത്തില്‍ അകപ്പെട്ട് ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ രണ്ടു പേര്‍ കൂടി ഇന്ന് മരിച്ചതോടെ കണക്ക് 326 ആയി.
മഴ ആരംഭിച്ച മേയ് 29 മുതലുള്ള കണക്കാണിത്. ഓഗസ്‌റ്റ് എട്ടുമുതല്‍ ഇന്നുവരെയുള്ള കണക്ക് പ്രകാരം 164 പേർ മരിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയത്തെ ഒറ്റപ്പെട്ടു പോയ ചെങ്ങന്നൂരും തൃശൂരിലെ ചാലക്കുടിയിലും ഇന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. പതിനായിരത്തോളം പേര്‍ ഇപ്പോഴും ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്തുന്നതിന് രക്ഷാബോട്ടുകള്‍ക്ക് എത്താന്‍ കഴിയാതെ പോയതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്.
സൈന്യത്തിന്റെ കൂടുതല്‍ ബോട്ടുകള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയാണ്. പാണ്ടനാട് കേന്ദ്രീകരിച്ചാണ് രക്ഷാപ്രവത്തനം. ചെങ്ങന്നൂരിലെ ജനങ്ങളെ രക്ഷിക്കാനാണ് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്നലെ മാത്രം 82,442 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. നിലവിൽ 3,14,391 പേർ 2094 ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ഗൌരവകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.
തൃശൂർ. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍ ദുരിതം തുടരുന്നത്. ഒറ്റപ്പെട്ട് കഴിയുന്നവരെ രക്ഷപ്പെടുത്തുന്നതിന് കൂടുതൽ ഹെലികോപ്ടറുകൾ രംഗത്തുണ്ട്. മഴ കുറഞ്ഞുവെങ്കിലും എല്ലായിടത്തും തുടരുന്ന വെള്ളക്കെട്ടാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നത്.