എന്നെ അപമാനിക്കലായിരുന്നു അവരുടെ ലക്ഷ്യം, എന്നെ വിരൂപൻ എന്നു വിളിച്ചു, അവർ മമ്മൂട്ടിയേയും മോഹൻലാലിനേയുമാണ് അനുകരിക്കുന്നത്; ചാനലുകാർ റേറ്റിങ്ങിനായി തന്നെ ഉപയോഗിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ്

വിളിച്ചു വരുത്തി അപമാനിച്ചു, വിരൂപൻ എന്നു വിളിച്ചു; നടന്നത് കുടുക്കാനുള്ള ശ്രമമെന്ന് സന്തോഷ് പണ്ഡിറ്റ്

aparna shaji| Last Modified ഞായര്‍, 2 ഒക്‌ടോബര്‍ 2016 (13:03 IST)
നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ ഒരു ചാനൽ പരിപാടിക്കിടെ അപമാനിച്ചത് സോഷ്യൽ മീഡിയയിൽ വൻ വാർത്തയായിരിക്കുകയാണ്. കൂട്ടമായി അദ്ദേഹത്തെ ആക്രമിച്ചു എന്ന തരത്തിലുള്ള പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പണ്ഡിറ്റിനെ പിന്തുണച്ച് താരങ്ങൾ വരെ രംഗത്തെത്തിയിരുന്നു. സംഭവത്തോട് പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

'ഓണ പരിപാടി ആണെന്നും കൗണ്ടർ ആണ് ലക്ഷ്യമെന്നും പറഞ്ഞായിരുന്നു ചാനലുകാർ തന്നെ പരിപാടിക്ക് ക്ഷണിച്ചത്. മിമിക്രിക്കാർ പങ്കെടുക്കുന്ന പരിപാടിയായിരുന്നു അത്. പക്ഷേ എന്നെ അപമാനിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കൂട്ടം ചേർന്ന് വളഞ്ഞാക്രമിക്കുകയായിരുന്നു അവരെന്നെ. അവർ പറയുന്നത് ഞങ്ങൾ കോമഡിയാണ് ഉദ്ദേശിച്ചത് എന്നാണ്. എന്നെ വിരൂപൻ എന്നുവരെ വിളിച്ചു.

ഞാൻ ആരേയും അനുകരിച്ചല്ല ജീവിക്കുന്നതും അഭിനയിക്കുന്നതും. എനിക്ക് എന്റേതായ സ്റ്റൈൽ ഉണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ മോഹൻലാലിനേയും മമ്മൂട്ടിയെയും അനുകരിച്ചാണ് ജീവിക്കുന്നത്. എന്നെ കൂട്ടായി ആക്രമിച്ച് റേറ്റിങ്ങ് കൂട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവർ എന്നെ പരിപാടിക്കായി വിളിച്ചത്. മിമിക്രിക്കാര്‍ക്ക് ഒരു നേരത്തേ ചോറ്, ചാനലിന് ആവശ്യത്തിന് പരസ്യം, എനിക്ക് നല്ല കാശ് അത്രയേ ഈ പരിപാടികൊണ്ട് ഞാന്‍ കണക്കാക്കുന്നുളളു.

എന്റെ ഇഷ്ടമുള്ളവർ കണ്ടാൽ മതി. സിനിമ എടുക്കരുത് എന്ന് പറയാൻ ആർക്കും അവകാശമില്ല. എന്നെ ഒറ്റപ്പെടുത്തി എന്നുള്ളതിന് എന്റെ കയ്യിൽ തെളിവില്ല. പല ചാനലുകളുമായും എനിക്ക് ബന്ധമുണ്ട്. അതുകൊണ്ടാണ് അവർ വിളിക്കുമ്പോൾ പോകുന്നത്.- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
കടപ്പാട്: (മനോരമ ഓൺലൈൻ)


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :