വിവാഹദിവസം വധുവിന്റെ പിതാവിനെ തലയ്ക്കടിച്ചു കൊന്നു, പെണ്‍കുട്ടിയുടെ മുന്‍ കാമുകനടക്കം 4 പേര്‍ അറസ്റ്റില്‍

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ജൂണ്‍ 2023 (11:02 IST)
തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹദിവസം പിതാവ് കൊല്ലപ്പെട്ടു. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ രാജ(62)നാണ് കൊല്ലപ്പെട്ടത്. മകളുടെ മുന്‍ സുഹൃത്തടക്കം നാലുപേര്‍ ചേര്‍ന്നായിരുന്നു ഇയാളെ കൊലപ്പെടുത്തിയത്. ബുധനാഴ്ച 10:30ന് ശിവഗിരിയില്‍ വെച്ചായിരുന്നു മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം വീട്ടില്‍ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടി വിവാഹവുമായി ബന്ധപ്പെട്ട സല്‍ക്കാരചടങ്ങുകള്‍ ഉണ്ടായിരുന്നു.

രാത്രി 12 മണിയോടെ നാലുപേരടങ്ങുന്ന സംഘം വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് വിഷ്ണുവും സംഘവുമായിരുന്നു വീട്ടില്‍ ബഹളം വെച്ചത്. ബഹളം കേട്ട് അയല്‍വാസികളുമെത്തി. ചോദ്യം ചെയ്ത ആളുകളെ സംഘം മണ്‍വെട്ടിയെടുത്ത് ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് രാജന് തലയ്ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയില്‍ നിന്നും ചോര വാര്‍ന്നായിരുന്നു മരണം. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളെ കല്ലമ്പലം പോലീസ് വര്‍ക്കലയില്‍ നിന്നും അറസ്റ്റ് ചെയ്തു.

രാജന്റെ മകളുമായി വിഷ്ണു നേരത്തെ അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വിവാഹം ആലോചിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ വിവാഹം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും കൂട്ടുകാരും വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. അക്രമത്തില്‍ രാജനെ കൂടാതെ മറ്റ് ചില ബന്ധുക്കള്‍ക്കും പരിക്കുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :