എ കെ ജെ അയ്യർ|
Last Modified ഞായര്‍, 31 ജൂലൈ 2022 (11:10 IST)
കണ്ണൂർ: ഏക മകനായ യുവ എഞ്ചിനീയർ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത് കണ്ട മനോവിഷമത്തിൽ പിതാവ് കുഴഞ്ഞുവീണു മരിച്ചു. തലശേരി ധർമ്മടം മോസ് കോര്ണറിനടുത്ത് ശ്രീ ദീപത്തിൽ സുദർശൻ (24) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. മകൻ മരിച്ചത് കണ്ട വിഷമത്തിൽ പിതാവ് സദാനന്ദൻ (65) കുഴഞ്ഞുവീഴുകയും ഉടൻ മരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതര മണിയായിട്ടും മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന മകനെ കാണാത്തതിനാൽ സദാനന്ദൻ പോയി നോക്കിയപ്പോൾ കതക് അടച്ച നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും മറുപടി ഇല്ലാതിരുന്നതിനാൽ കതക് വെട്ടിപ്പൊളിച്ചാണ് അകത്തേക്ക് കയറിയത്. അപ്പോഴാണ് മകനെ കിടപ്പുമുറിയുടെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് കണ്ടതും സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു.
അതെ സമയം സദാനന്ദന്റെ ഭാര്യ ദീപ ജോലിക്ക് പോയിക്കഴിഞ്ഞിരുന്നു. ഇവർ തലശേരി സാൻജോസ് സ്‌കൂളിലെ അധ്യാപികയാണ്. സദാനന്ദന്റെ നിലവിളി കേട്ട് എത്തിയ അയൽക്കാരാണ് ഇയാളെ തലശേരിയിലെ ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബി.ടെക് കാരനായ മകന് മുമ്പ് ജോലിയുണ്ടായിരുന്നു എങ്കിലും കോവിഡ് വ്യാപനം വന്നതോടെ അത് നഷ്ടപ്പെട്ടിരുന്നു. പിന്നീട് വീട്ടിൽ തന്നെ കഴിയുകയായിരുന്നു. സംസ്കാരം ഇന്ന് മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ നടന്നു.