E.P.Jayarajan: ഇ.പി.ജയരാജനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാകും

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജയരാജനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു

രേണുക വേണു| Last Modified ശനി, 27 ഏപ്രില്‍ 2024 (08:08 IST)

E.P.Jayarajan: കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനെതിരെ സിപിഎം നടപടിയെടുക്കും. ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യതയുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനവും നഷ്ടപ്പെട്ടേക്കും. ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് കേരളത്തിലെ വോട്ടെടുപ്പ് ദിവസം രാവിലെയാണ് ജയരാജന്‍ തുറന്നുസമ്മതിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജയരാജനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ആളെപ്പറ്റിക്കാന്‍ ശ്രമിക്കുന്നവരുമായുള്ള കൂട്ടുകെട്ട് ഇപി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയരാജനു പിണറായി നല്‍കിയതു കൃത്യമായ മുന്നറിയിപ്പാണെന്ന് ഗോവിന്ദനും ശരിവെച്ചു. ഇ.പിയുടെ പോക്കില്‍ പാര്‍ട്ടി നേതൃത്വത്തിനു അതൃപ്തിയുണ്ട്.

അതേസമയം ജാവഡേക്കറുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പമാണ് ജാവഡേക്കര്‍, തന്റെ മകന്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്‌ളാറ്റില്‍ വന്നതെന്ന് ജയരാജന്‍ പറയുന്നു. ഇതുവഴി വന്നപ്പോള്‍ താങ്കളെ പരിചയപ്പെടാന്‍ കയറിയതെന്നാണ് ജാവഡേക്കര്‍ തനിക്ക് മറുപടി നല്‍കിയതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :