ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി

ജയരാജനു ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

രേണുക വേണു| Last Modified ശനി, 31 ഓഗസ്റ്റ് 2024 (10:19 IST)

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി. ഇന്നു ചേരുന്ന സംസ്ഥാന സമിതിക്ക് കാത്തുനില്‍ക്കാതെ ജയരാജന്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കു മടങ്ങി. കണ്‍വീനര്‍ സ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് ജയരാജന്‍ സിപിഎം സംസ്ഥാന നേതൃത്വത്തേയും അറിയിച്ചു.

ജയരാജനു ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ സിപിഎം തീരുമാനിച്ചത്. പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്ന് ജയരാജനും അറിയിച്ചു.

അതേസമയം ജയരാജനെതിരെ പാര്‍ട്ടിതല അച്ചടക്ക നടപടികള്‍ ഉണ്ടാകില്ലെന്നാണ് വിവരം. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ ജയരാജനെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്കു നടപടിക്കു നിര്‍ദ്ദേശിക്കാനാകും. എന്നാല്‍ ഇപിയെ പോലൊരു മുതിര്‍ന്ന നേതാവിനെതിരെ അത്തരത്തിലൊരു നടപടിയുടെ ആവശ്യമില്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വന്‍ വിവാദമായിരുന്നു. ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ജയരാജന്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :