നീലിമ ലക്ഷ്മി മോഹൻ|
Last Modified ഞായര്‍, 10 നവംബര്‍ 2019 (12:41 IST)
കാണാതായ സിഇടി കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി രതീഷിന്റെ മരണത്തിനു പിന്നില്‍ തന്റെ ഭര്‍ത്താവാണെന്ന് സംശയമുള്ളതായി, മരിച്ച വിദ്യാര്‍ത്ഥിയുടെ വളര്‍ത്തമ്മ ഗിരിജ.
സിഇടി കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പക്ഷേ, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് രതീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.
രതീഷിനെ കാണാനില്ലെന്നു കാട്ടി അമ്മയുടെ സഹോദരി ഗിരിജ വെള്ളിയാഴ്ച ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയിരുന്നു. അമ്മ മരിച്ച രതീഷ്കുമാര്‍ ഗിരിജയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. പരീക്ഷയെഴുതാൻ വീട്ടിൽ നിന്നും ഇറങ്ങിയ രതീഷ് തിരിച്ചെത്തായതോടെയാണ് കാണാതായെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്.
പരീക്ഷ അവസാനിക്കുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുന്‍പ് രതീഷ് ക്ലാസില്‍നിന്നു പോയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാർത്ഥികൾ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കോളേജിലെ ശുചിമുറി ഉള്ളില്‍നിന്ന് പൂട്ടിയിരിക്കുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാര്‍ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്.