ജോര്‍ജി സാം|
Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (12:10 IST)
കോഴിക്കോട് നോര്‍ത്ത് നിയമസഭാ മണ്ഡലത്തില്‍ സംവിധായകന്‍ രഞ്‌ജിത്ത് സി പി എം സ്ഥാനാര്‍ത്ഥിയാകും. ഇക്കാര്യത്തില്‍ ധാരണയായി. ദിവസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
സി പി എമ്മിന്‍റെ തന്നെ എ പ്രദീപ് കുമാറാണ് കോഴിക്കോട് നോര്‍ത്തിലെ നിലവിലെ എം എല്‍ എ. മൂന്നുതവണ മത്‌സരിച്ചവര്‍ മാറണമെന്ന നിര്‍ദ്ദേശം എ പ്രദീപ് കുമാറിന്‍റെ കാര്യത്തിലും നടപ്പാക്കുന്നതിനാലാണ് പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരുന്നത്.
സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ രഞ്‌ജിത്തിന്‍റെ പേര് ഉയര്‍ന്നുവന്നിരുന്നു. മണ്ഡലത്തിലെ ഇടതുവേദികളില്‍ സജീവ സാന്നിധ്യമാണ് രഞ്‌ജിത്ത്. സി പി എം നേതൃത്വവുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന രഞ്‌ജിത്ത് പാര്‍ട്ടി വേദികളില്‍ മിക്കപ്പോഴും എത്താറുണ്ട്.
ഒരു സിനിമാ സംവിധായകന്‍ എന്നതിലുപരി കോഴിക്കോട്ടെ ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രഞ്‌ജിത്തിന് മണ്ഡലത്തിലാകെ വലിയ സൌഹൃദബന്ധങ്ങളുണ്ട്.