സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 5 ഡിസംബര്‍ 2022 (14:04 IST)
തദ്ദേശ സ്ഥാപനങ്ങളിലേക്ക്2020ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷം കൂറുമാറ്റ നിരോധന നിയമ പ്രകാരം എട്ട് അംഗങ്ങളെ അയോഗ്യരാക്കുകയും അവരുടെ വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുപ്പതാം സ്ഥാപകദിനത്തോടനുബന്ധിച്ച് കമ്മീഷന്‍ ആസ്ഥാനത്തു നടന്ന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ കോടതി കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലവില്‍ 78 കേസുകളില്‍ വിചാരണ നടന്നു വരികയാണ്.
കൂറുമാറ്റ നിരോധന നിയമമനുസരിച്ചുള്ള കേസുകളില്‍ കമ്മീഷന്‍ വിധി പറയുന്നതോടെ അംഗത്വം നഷ്ടപ്പെടുകയും അടുത്ത ആറ് വര്‍ഷത്തേക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കഴിയാതെ വരികയും ചെയ്യും.
തിരഞ്ഞെടുക്കപ്പെട്ട അംഗം സ്വന്തം പാര്‍ട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയോ പാര്‍ട്ടി വിപ്പ് ലംഘിക്കുകയോ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചയാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയോ ചെയ്താല്‍ കൂറുമാറ്റം ആരോപിച്ച് അതേ തദ്ദേശ സ്ഥാപനത്തിലെ മറ്റൊരു അംഗമോ രാഷ്ട്രീയ പാര്‍ട്ടി ചുമതലപ്പെടുത്തുന്നയാളോ നല്‍കുന്ന പരാതിയാണ് കമ്മീഷന്‍ പരിഗണിച്ച് കോടതി നടപടിക്രമം പാലിച്ച് തീര്‍പ്പാക്കുന്നത്.