മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ദി വയര്‍ പുറത്തുവിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണ്

രേണുക വേണു| Last Modified ബുധന്‍, 27 നവം‌ബര്‍ 2024 (09:04 IST)

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്നുള്ള റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വാര്‍ത്താക്കുറിപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

ദി വയര്‍ പുറത്തുവിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണ്. 5,38,225 വോട്ടുകള്‍ കണക്കാക്കിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നവംബര്‍ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് ദി വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 6,40,88,195 ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 66.05 ആയിരുന്നു അന്തിമ വോട്ടിങ് ശതമാനം. എന്നാല്‍ ഫലപ്രഖ്യാപന ദിവസം 6,45,92,508 വോട്ടുകള്‍ എണ്ണിയെന്നാണ് കണക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പോള്‍ ചെയ്ത വോട്ടിനേക്കാള്‍ 5,04,313 വോട്ടുകള്‍ കൂടുതല്‍ എണ്ണിയെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :