സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 28 നവംബര്‍ 2022 (18:02 IST)
അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നാല് വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ഗവേഷണത്തിന് മുന്‍തൂക്കം നല്‍കുന്നതാണ് കോഴ്‌സിന്റെ ഘടന. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങള്‍ പഠിക്കാനും നാല് വര്‍ഷ ബിരുദ കോഴ്‌സിലൂടെ അവസരമുണ്ടാകും.
രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 45 കേന്ദ്രസര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവര്‍ ഇതിനോടകം താല്‍പര്യം അറിയിച്ചതായും ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. കോഴ്സിന്റെ മാര്‍ഗരേഖയ്ക്ക് യുജിസി അന്തിമരൂപം നല്‍കിയിട്ടുണ്ട്.