നാടോടി ബാലികയ്ക്കു മര്‍ദ്ദനം:പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും, സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പ്രതി രാഘവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (10:20 IST)
എടപ്പാളില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ പത്തു വയസ്സുകാരിയായ നാടോടി ബാലികയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മൂന്നാഴ്ചക്കുള്ളില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമീഷന്‍ നിര്‍ദേശം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതി രാഘവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഞായറാഴ്ച ജങ്ഷനില്‍ പാലക്കാട് റോഡിലുള്ള സിപിഐഎം നേതാവ് രാഘവന്റെ കെട്ടിടത്തിന് സമീപമാണ് സംഭവം നടന്നത്. മൂന്ന് സ്ത്രീകളും രണ്ട് പെണ്കുട്ടികളുമടങ്ങുന്ന നാടോടി സംഘം ആക്രി സാധനങ്ങള് ശേഖരിക്കുന്നതിനിടെ സ്ഥലത്തെത്തിയ രാഘവന് ഇവരോട് കയര്‍ക്കുകയും സംഘത്തിലുള്ള കുട്ടിയെ മര്‍ദിക്കുകയുമായിരുന്നു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ചാക്ക് പിടിച്ചു വാങ്ങി അടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നെറ്റിയില് മുറിവേറ്റ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി.

എന്നാല്‍ രാഘവന്‍ ബാലികയെ മര്‍ദിച്ചെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം എടപ്പാള്‍ ഏരിയ കമ്മിറ്റി പറഞ്ഞു. രാഘവെന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍നിന്ന് സാമഗ്രികള്‍ മോഷണം പോകുന്നത് പതിവായിരുന്നു. അതിനിടയിലാണ് ആറ് നാടോടിസ്ത്രീകളുടെ മോഷണശ്രമം രാഘവന്‍ കാണാന്‍ ഇടയായത്. ഇതുകണ്ട് നാടോടി സ്ത്രീകള്‍ വേഗത്തില്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. കൂട്ടത്തിലുള്ള പെണ്‍കുട്ടി വീണ് തലക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഇട നല്‍കാതെ മോഷണശ്രമം പിടിക്കപ്പെടുമെന്ന ഭയത്താല്‍ കുട്ടിയെയുംകൊണ്ട് അവര്‍ കടന്നുകളയുകയാണുണ്ടായതെന്നും സിപിഐഎം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :