ഇ- പോസ് സർവർ വീണ്ടും പണിമുടക്കി: ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (14:04 IST)
സംസ്ഥാനത്ത് റേഷൻ കടകൽ മുഖേന നൽകുന്ന ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു. ഇ-പോസ് സെർവർ തകരാറായതിനെ തുടർന്നാണ് കിറ്റ് വിതരണം തടസ്സപ്പെട്ടത്. പിങ്ക് കാർഡുടമകൾക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഓണക്കിറ്റ് വിതരണം തുടങ്ങിയ ദിവസവും ഇ-പോസ് മെഷീൻ തകരാർ കാരണം കിറ്റ് വിതരണം തടസ്സപ്പെട്ടിരുന്നു.

അതേസമയം ചില സാങ്കേതിക തകരാറുകൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അത് ഉടൻ പരിഹരിക്കും കിറ്റ് വിതരണം ഒരിടത്തും തടസ്സപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 23 ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങിയത്.

മഞ്ഞ് കാർഡുടമകൾക്കായിരുന്നു ആദ്യ രണ്ട് ദിവസങ്ങളിൽ (ഓഗസ്റ്റ് 23, 24) കിറ്റ് വിതരണം ചെയ്തത്. ഇന്ന് മുതൽ മൂന്ന് ദിവസം (ഓഗസ്റ്റ് 25, 26, 27) പിങ്ക് കാർഡുടമകൾക്കാണ് കിറ്റ് നൽകുന്നത്.
29,30,31 തീയതികളിൽ നീല കാര്‍ഡുടമകൾക്കും സെപ്റ്റംബര്‍ 1,2,3 തീയതികളിൽ വെള്ള കാർഡുകാർക്കും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. ഈ തീയതികളിൽ വാങ്ങാൻ സാധിക്കാത്തവർക്ക് അടുത്തമാസം 4,5,6,7 തീയതികളിൽ ഓണക്കിറ്റ് വാങ്ങാൻ അവസരമുണ്ട്. ഇത് ഏത് റേഷൻ കടകളിൽ നിന്നും വാങ്ങാനായി സാധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :