Rijisha M.|
Last Updated:
തിങ്കള്‍, 27 ഓഗസ്റ്റ് 2018 (11:21 IST)
പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഉടന്‍ പണം ലഭ്യമാക്കുമെന്ന് റെവന്യു മന്ത്രി ഇ ചന്ദ്രശേഖരന്. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പണം നല്കാന് അത് തടസ്സമകില്ല. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 4,62,456 ആളുകളാണ് 1435 ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കല്‍ സജീവമായി നടക്കുന്നുണ്ട്ണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓരോരുത്തര്‍ക്കും വന്ന നഷ്ടങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനായി ഐ ടി അധിഷ്ഠിത സംവിധാനമാണ് ഉപയോഗിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
സ്കൂള്‍ തുറക്കുന്നതിന് മുമ്പായി ക്യാമ്പുകള്‍ മാറ്റും. ക്യാമ്പുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം കിട്ടിത്തുടങ്ങിയില്ലെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് റെവന്യൂ മന്ത്രി ധനസഹായം ഉറപ്പ് നല്‍കിയത്. മുപ്പതാം തിയതി മുതല്‍ സഹായം നല്കി തുടങ്ങുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സഹായം നല്‍കേണ്ടവരുടെ പട്ടിക കൈവശമുണ്ടെന്നും റവന്യു വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രാഥമിക കണക്കുകള്‍ അനുസരിച്ച് 7,000 ത്തോളം വീടുകള്‍ പൂര്‍ണ്ണമായും 50,000 ത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് പോകുമ്പോള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി 10,000 രൂപ നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.