ദുബായ് ഗോൾഡ് ജൂവലറി കവർച്ച : ഗൂഗിൾ പേ എന്ന തുമ്പിലൂടെ പ്രതിയെ കുടുക്കി

എ കെ ജെ അയ്യർ| Last Modified ബുധന്‍, 10 ജൂലൈ 2024 (20:18 IST)
കോഴിക്കോട് : കോഴിക്കോട്ടെ രാമനാട്ടുകരയിലുള്ള ദുബായ് ഗോള്‍ഡ് ജവലറിയില്‍ കഴിഞ്ഞ ദിവസം ഭിത്തി തുരന്ന് സര്‍ണ്ണ കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതിയെ 'ഗൂഗിള്‍ പേ' എന്ന തുമ്പിലൂടെ പോലീസ് പിടികൂടി. മദ്ധ്യ പ്രദേശ് റീവ ഹനുമാന ദേവ്‌റി സ്വദേശി നെക് മണി സിംഗ് പട്ടേല്‍ എന്ന 27 കാരനാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സിറ്റി പോലീസിന്റെ പിടിയിലായത്.

കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ കൂടിയായ ഇയാള്‍ നഗരത്തില്‍ തന്നെ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറാണ്. ദേശീയ പാതയോരത്ത് രാമനാട്ടുകരയിലെ ജൂവലറി കെട്ടിടത്തിന്റെ പടിഞ്ഞാറുള്ള ഭിത്തി പിക്കാസ് ഉപയോഗിച്ചു തുരന്നാണ് ഇയാള്‍ അകത്തു കയറിയത്. എന്നാല്‍ ഇയാള്‍ അകത്തു കയറിയതോടെ അലാറം മുഴങ്ങി സുരക്ഷാ ഉദ്യോഗസ്ഥന്‍ എത്തിയപ്പോള്‍ ഭിത്തി തുരന്നതായി കണ്ടെത്തുകയും ഉടന്‍ മറ്റു ജീവനക്കാരെ അറിയിക്കുകയും ചെയ്തു. ജീവനക്കാര്‍ എത്തി ജ്വലറിയില്‍ നോക്കിയെങ്കിലും ആഭരണങ്ങള്‍ ഒന്നും നഷ്ടപ്പെട്ടതായി കണ്ടില്ല. കളളന്‍ പോയിരിക്കാമെന്ന് കരുതി ഇവര്‍ പുറത്തു നിന്നിരുന്നു. ഈ സമയം അകത്തു ഒളിച്ചിരുന്ന ഇയാള്‍ ഭിത്തിയിലുണ്ടാക്കി ദ്വാരത്തിലുടെ തന്നെ ഓടിപ്പോവുകയും ചെയ്തു.

പരാതിയെ തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം തുടങ്ങി.സി.സി ടിവി ദൃശ്യങ്ങളും ശേഖരിച്ചു തുടര്‍ന്ന് ഭിത്തി തുറക്കാന്‍ ഉപയോഗിച്ച പിക്കാസ് പുതിയതാണെന്ന് കണ്ടെത്തി അതു വാങ്ങിയ രാമനാട്ടുകരയില്‍ തന്നെയുള്ള കടയും കണ്ടെത്തി. എന്നാല്‍ പിക്കാസ് വാങ്ങിയ പണം നല്‍കിയത് ഗൂഗിള്‍ പേ വഴിയാണെന്നു കണ്ടതോടെ പ്രതിയുടെ മൊബൈല്‍ നമ്പരും പോലീസിനു ലഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബൈപ്പാസ് ജംഗ്ഷനില്‍ വച്ച് തന്നെ പ്രതിയെ പിടികൂടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :