സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (12:43 IST)
മയക്കു മരുന്നിനെതിരായ പ്രവര്‍ത്തനം വീടുകളില്‍ നിന്ന് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ഭാവി തകര്‍ത്തു കളയുന്ന ഒന്നാണ് മയക്കു മരുന്ന്. പ്രസരിപ്പോടെ നിലനില്‍ക്കുന്ന സമൂഹത്തെ ഒന്നിനും കൊള്ളാത്തതാക്കി മയക്കു മരുന്ന് മാറ്റുന്നു. മനുഷ്യന്റെ സദ്ഗുണങ്ങള്‍ ചോര്‍ത്തിക്കളയുന്ന മയക്കു മരുന്ന് മനുഷ്യത്വം ഇല്ലാതാക്കുന്നു. മയക്കു മരുന്ന് മുക്തമായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം-മുഖ്യമന്ത്രി പറഞ്ഞു.
മയക്കു മരുന്ന് കേസുകളില്‍ ആവര്‍ത്തിച്ച് പ്രതികളാവുന്നവരുടെ കേസ് ഹിസ്റ്ററി കോടതിയില്‍ നല്‍കി ജാമ്യം കിട്ടാത്ത സ്ഥിതിയുണ്ടാക്കും. സ്ഥിരം മയക്കു മരുന്ന് കുറ്റവാളികളെക്കുറിച്ചുള്ള വിവരശേഖരണം നടത്തി ഡാറ്റാബാങ്ക് എക്‌സൈസും പൊലീസും തയ്യാറാക്കി
സൂക്ഷിക്കും. മയക്കു മരുന്ന് മുക്തമായ ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ നാട് ഒന്നാകെ അണിനിരക്കണം- മുഖ്യമന്ത്രി പറഞ്ഞു. മയക്കു മരുന്ന് മാഫിയ ചെറിയ കുട്ടികളെ അടക്കം ഉപഭോക്താക്കളും വാഹകരുമാക്കി മാറ്റുന്നു. സ്‌കൂളിനകത്ത് മയക്കു മരുന്ന് വ്യാപനം നടക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ് . ഒരു സ്‌കൂളില്‍ പരിശോധന നടത്തിയപ്പോള്‍ ഒരു കുട്ടിയുടെ ബാഗില്‍ പത്ത് സ്‌കൂളുകളുടെ യൂനിഫോമുകളാണ് കണ്ടത്. ഈ കുട്ടിയെ കാരിയറായി ഉപയോഗിക്കുകയായിരുന്നു.