ഡിഎല്‍എഫ് നിയമം ലംഘിച്ചു; കെടിടം പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഡിഎല്‍എഫ് കെട്ടിടം, എറണാകുളം, ഹൈക്കോടതി
കൊച്ചി| VISHNU.NL| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (11:54 IST)
കൊച്ചിയില്‍ കായല്‍ തീരത്തോട് ചേര്‍ന്ന് ഡിഎല്‍എഫ് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിട സമുച്ചയം തീരദേശ പരിപാലന നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും കെട്ടിടം പൊളിച്ചു നീക്കാനും ഹൈക്കോടതി ഉത്തരവ്. ഫ്‌ളാറ്റിന്റെ തുടര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദ്ദേശമുണ്ട്. എറണാകുളം ചിലവന്നൂരിലെ ഫ്‌ളാറ്റ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത് 135 മീറ്റര്‍ കായല്‍ കൈയേറിയാണ് എന്ന് കോടതി വിലയിരുത്തി.

തീരപരിപാലന നിയമം മറികടന്ന് നിര്‍മ്മിച്ച ഭാഗങ്ങള്‍ പൊളിച്ചു മാറ്റാനാണ് കോടതി ഉത്തരവ്. ഉത്തരവ് പ്രകാരം കൊച്ചി ചിലവന്നൂര്‍ 135 മീറ്റര്‍ പരിധിയിലുള്ള നിര്‍മ്മാണമെല്ലാം പൊളിച്ച് മാറ്റണം. 2007ലെ ബില്‍ഡിങ്ങ് നിര്‍മ്മാണ അനുമതി പ്രകാരമുള്ള എല്ലാ പ്രവര്‍ത്തികളും നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് നിക്ഷേപമുണ്ടെന്ന് ആക്ഷേപമുയര്‍ന്ന ഡിഎല്‍എഫിന്റെ ഫ്ലാറ്റ് നിര്‍മ്മാണത്തിന് ചട്ടം മറികടന്നുകൊണ്ട് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റി അനുമതി നല്‍കിയിരുന്നു.

ചിലവന്നൂര്‍ കായല്‍ ചെളിയടിച്ചു നികത്തി ഇവിടെ ബഹുനില ഫ്‌ലാറ്റ് സമുച്ചയമാണ് ഡിഎല്‍എഫ് പടുത്തുയര്‍ത്തിയത്. ചിലവന്നൂര്‍ കായല്‍ പരിസരം പരിസ്ഥിതി ആഘാത പഠന അഥോറിറ്റിയുടെ മുന്‍ ഉത്തരവുപ്രകാരം അതീവ പരിസ്ഥിതിലോല പ്രദേശമായാണ് അടയാളപ്പെടുത്തുയിരുന്നത്. സംസ്ഥാനത്തെ പല സര്‍ക്കാര്‍ വകുപ്പുകളും ഫ്ലാറ്റിനുവേണ്ടി അവിഹിതമായി നിയമലംഘനത്തിന് കൂട്ട് നിന്നു. പരാതികള്‍ ഉണ്ടായപ്പോള്‍ സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും കൊച്ചി കോര്‍പ്പറേഷന്‍ നിയമലംഘനത്തിന് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

കോടതി ഉത്തരവ് നടപ്പിലാക്കുകയാണെങ്കില്‍ കെട്ടിടത്തിന്റെ മുഴുവന്‍ നിര്‍മ്മാണത്തേയും ബാധിക്കും. നിയമ നടപടികളുമായി മുന്നൊട്ട് പോകുമെന്ന് തന്നെയാണ് ഡി‌എല്‍‌എഫ് അധികൃതര്‍ പറയുന്നത്. ഫ്ലാറ്റ് നിര്‍മ്മാണം പൂര്‍ത്തിയായേങ്കിലും വിവാദങ്ങളേത്തുടര്‍ന്ന് ഉടമസ്ഥര്‍ക്ക് അത് നല്‍കുന്നത് കമ്പനി നീട്ടിവയ്ക്കുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :