സുബിന്‍ ജോഷി|
Last Updated:
വ്യാഴം, 18 ജൂണ്‍ 2020 (22:39 IST)
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു. തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് ദിവസമായി വെന്‍റിലേറ്ററിലായിരുന്ന സച്ചിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്‍ടര്‍മാര്‍ തീവ്രപരിശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഇടുപ്പെല്ലിനുള്ള ശസ്ത്രക്രിയയ്‌ക്കായാണ് സച്ചി വടക്കാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയത്. രണ്ടാമത്തെ ശസ്ത്രക്രിയയ്‌ക്ക് ശേഷം സച്ചിക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. അതിന് ശേഷമാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്.
സമീപകാലത്ത് മലയാള സിനിമയില്‍ ഏറ്റവും വലിയ ഹിറ്റായി മാറിയ അയ്യപ്പനും കോശിയും എന്ന സിനിമ സച്ചിയാണ് സംവിധാനം ചെയ്‌തത്. സച്ചിയുടെ ഏറ്റവും മികച്ച ചിത്രവും അയ്യപ്പനും കോശിയും തന്നെ. അതിന് തൊട്ടുമുമ്പ് സച്ചിയുടെ തിരക്കഥയിലെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും വന്‍ ഹിറ്റായിരുന്നു.
അയ്യപ്പനും കോശിയും കൂടാതെ അനാര്‍ക്കലി എന്ന സിനിമയാണ് സച്ചി സംവിധാനം ചെയ്‌തത്. സേതുവുമായി ചേര്‍ന്ന് ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്‌മാന്‍, സീനിയേഴ്സ്, ഡബിള്‍സ് എന്നീ ചിത്രങ്ങള്‍ക്ക് സച്ചി തിരക്കഥയെഴുതി. ജോഷി സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്‍ ആണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായ ആദ്യചിത്രം.
ചേട്ടായീസ്, രാമലീല, ഷെര്‍ലക് ടോംസ് (സംഭാഷണം മാത്രം) എന്നിവയാണ് സച്ചി തിരക്കഥയെഴുതിയ മറ്റ് ചിത്രങ്ങള്‍. പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടിരിക്കവേയാണ്‍` സച്ചി വിടവാങ്ങുന്നത്.