വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഡാലോചനയാവും? ദിലീപ് ഹൈക്കോടതിയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (16:03 IST)
വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഡാലോചനയാകുമെന്ന് ദിലീപ് ഹൈക്കോടതിയിൽ. തന്റെ വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭർത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഡാലോചനയാകുമെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബി രാമൻപിള്ള ചോദിച്ചു.

ദിലീപിന്റെ വാക്കുകൾ കേട്ട് അവിടെയിരുന്ന ആരെങ്കിലും പ്രതികരിച്ചോ? അവർ എന്ത് ധാരണയിലാണ് എത്തിയത്? ഇതൊന്നുമില്ല. പിന്നെങ്ങനെ ഗൂഡാലോചനയാകും. അന്വേഷണ ഉദ്യോഗസ്ഥനെ ഏതെങ്കിലും ട്രക്ക് ഇടിച്ച് വീഴ്‌ത്തിയാലും തന്റെ ഒന്നര കോടി പോവുമല്ലോ എന്ന് ദിലീപ് പറഞ്ഞതായാണ് പരാതിയിലുള്ളത്. എന്ത് സംഭവിച്ചാലും അത് തന്റെ തലയിൽ വരുമെന്ന് മാത്രമാണ് ദിലീപ് ഉദ്ദേശിച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു.

കേസിലെ പ്രധാനതെളിവായ സംഭാഷണം റെക്കോർഡ് ചെയ്‌തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാർ ഇതുവരെ പോലീസിന് മുൻപിൽ ഹാജരാക്കിയിട്ടില്ല. ഇതിൽ ഇതിനകം എഡിറ്റിങ് വരുത്തിയിരിക്കാം. ടാബ് പ്രവർത്തിക്കുന്നില്ലെന്നും വിവരങ്ങൾ ലാപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത്. പോലീസിന് കൈമാറിയ പെൻഡ്രവിൽ ഉള്ളതിൽ നല്ലൊരു പങ്കും മുറിച്ച് മാറ്റിയാണ് പോലീസിന് കൈമാറിയിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഇതിൽ ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് ഉപയോഗിച്ചിട്ടുള്ളത്. ക്രിമിനൽ നടപടിക്രമം അനുസരിച്ച് ഇത് നിലനിൽക്കില്ല. ബി രാമൻപിള്ള വാദിച്ചു.അതേസമയം പഴയ കേസുമായി ബന്ധപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തിലും പുതിയ കേസ് രജിസ്റ്റർ ചെയ്യാനാകുമെന്ന് ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് പി ഗോപിനാഥ് ചൂണ്ടികാട്ടി.

പുതിയ എഫ്ഐആറിൽ പറയുന്ന കുറ്റം വ്യത്യസ്‌തമാണ്. അതുകൊണ്ട് പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തെറ്റുണ്ടെന്ന് കരുതാനാകില്ലെന്നും കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :