കോട്ടയം|
PRIYANKA|
Last Updated:
വെള്ളി, 12 ഓഗസ്റ്റ് 2016 (12:25 IST)
കെഎം മാണിക്ക് പിന്നാലെ ലീഗിനെയും പരോക്ഷമായി സ്വാഗതം ചെയ്ത് ദേശാഭിമാനി മുഖപ്രസംഗം. വര്‍ഗ്ഗീയ കക്ഷി എന്നാരോപിച്ച് ആരെയും മാറ്റി നിര്‍ത്തേണ്ടതില്ലെന്നും ആര്‍എസ്പിയും, ജെഡിയു അടക്കമുള്ളവരെയും പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും മുഖപ്രസംഗം പറയുന്നു. നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടെന്നു കരുതി എല്‍ഡിഎഫ് വിപുലികരിക്കേണ്ടതില്ലെന്ന വാദം ശരിയല്ലെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടികാട്ടുന്നു.
മുന്നണി വിടാനുള്ള കേരള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ ഉറഞ്ഞു തുള്ളിയ കോണ്‍ഗ്രസ് നേതൃത്വം പത്തി മടക്കിയിരിക്കുന്നുവെന്നും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനെ കടുത്ത നിലപാടുകളില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതമാക്കിയതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. സ്വന്തം സ്വാധീനത്തില്‍ മധ്യകേരളത്തില്‍ നിലനില്‍ക്കാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് കേരള കോണ്‍ഗ്രസ് മുന്നണി ഉപേക്ഷിച്ചത്. മലബാറില്‍ ലീഗും ഇത്തരമൊരു പ്രതീക്ഷ പുലര്‍ത്തുന്നു. ഈ രണ്ടു കക്ഷികളും ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രതീക്ഷകള്‍ ഇരുളിലാകും.
യുഡിഎഫ് കക്ഷികള്‍ ആത്മപരിശോധന നടത്തണമെന്ന സിപിഐഎമ്മിന്റെ നിലപാട് പ്രസക്തമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. നേരത്തെ എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന ആര്‍എസ്പി, ജനതാദള്‍ കക്ഷികളും അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പുനര്‍വിചിന്തനത്തിന് തയ്യാറാകേണ്ടതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.