വിഴിഞ്ഞം|
VISHNU N L|
Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (20:23 IST)
കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ പൂവാര്‍ പുല്ലുവിള തീരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത യുവാവിന്‍റെ മൃതദേഹം അടിഞ്ഞു കയറി. 35 നും 40 ഇടയ്ക്ക് പ്രായം വരുമെന്ന് പൊലീസ് അറിയിച്ചു. കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.
വെളുത്ത പാന്‍റും കറുത്ത ഷര്‍ട്ടുമാണ് വേഷം. കഴുത്തില്‍ തോര്‍ത്തു കൊണ്ട് മുറുക്കി കെട്ടിയിട്ടുണ്ട്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. മൂടിക്കെട്ടിയ ചണച്ചാക്കില്‍ നിന്ന് കാലുകള്‍ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹത്തിന്‍റെ വായില്‍ തോര്‍ത്ത് തിരുകിയിരുന്നു. കഴുത്തില്‍ മുറിവേറ്റ പാടുമുണ്ട്. തൊലി അഴുകി വികൃതമായിട്ടുമുണ്ട്.
കൊലപാതകം നടത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി കടലില്‍ എറിഞ്ഞതാകാമെന്ന് കരുതുന്നു. സംഭവം അറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് തീരത്തെത്തിയത്.