സഹകരണ ബാങ്കുകളെ തകർക്കാൻ ബി ജെ പി ശ്രമിക്കുന്നു, തെളിവുണ്ട്: തോമസ് ഐസക്

ബി ജെ പിയുടെ ഉദ്ദേശ്യം നടക്കില്ലെന്ന് തോമസ് ഐസക്

aparna shaji| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (14:12 IST)
കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ബിജെപിയും തല്‍പ്പരകക്ഷികളും ഗൂഡാലോചന നടത്തുന്നത് ബോധ്യപ്പെട്ടുവെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നതിന് വമ്പന്‍ ഗൂഡാലോചന നടക്കുന്നുണ്ട്. കേരളത്തിലെ ബിജെപി ഘടകവും കേന്ദ്രത്തിലെ ചില തല്‍പ്പരകക്ഷികളുമാണ് ഇതിനു പിന്നില്‍ എന്ന് വ്യക്താകുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

തോമസ് ഐസകിന്റെ വാക്കുകളിലൂടെ:

എനിക്ക് ഒരു കാര്യം ബോധ്യമായി. കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നതിന് വമ്പന്‍ ഗൂഡാലോചന നടക്കുന്നുണ്ട്. കേരളത്തിലെ ബി ജെ പി ഘടകവും കേന്ദ്രത്തിലെ ചില തല്‍പ്പരകക്ഷികളുമാണ് ഇതിനു പിന്നില്‍. സഹകരണ ബാങ്കുകള്‍ നശിച്ചാല്‍ എന്ത് എന്ന ഞെട്ടിപ്പിക്കുന്ന ചോദ്യം ബി ജെ പി നേതാവ് മുരളീധരന്‍ ചാനല്‍ ചര്‍ച്ചയില്‍ ഉയര്‍ത്തി കേട്ടു. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്‍റെ കൂടാരങ്ങളാണെന്നാണ് ബി ജെ പിയുടെ പ്രചരണം.

ഇന്നു ബാങ്കുകളുമായുള്ള ചര്‍ച്ചയില്‍ പ്രകടിപ്പിക്കപ്പെട്ട ഇക്കാര്യത്തിലെ നിസംഗത ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇവരുടേതല്ല നയ തീരുമാനം എന്നത് ശരി തന്നെ. പക്ഷേ സഹകരണ ബാങ്കുകളുടെ സ്തംഭനാവസ്ഥ ഒരു പ്രശ്നമല്ല എന്ന മട്ടിലായിരുന്നു ഇവരുടെ പെരുമാറ്റം. ബാങ്കുകള്‍ക്കെല്ലാമായി കേരളത്തില്‍ 6213 ബ്രാഞ്ചുകളാണ് ഉള്ളത്. ജില്ലാ-പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാവട്ടെ 4800 ഓളം ബ്രാഞ്ചുകള്‍ ഉണ്ട്. ഇവയെക്കൂടി ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കാന്‍ അണിനിരത്തിയാല്‍ പ്രതിസന്ധി എത്രയോ ലഘൂകരിക്കാന്‍ കഴിയും. എന്നാല്‍ ഇങ്ങനെയല്ല ആര്‍ ബി ഐയുടെ ചിന്ത.

ഇടപാടുകാര്‍ക്കു തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി അനുവാദമുണ്ട്. പക്ഷേ പ്രാഥമിക സഹകരണ ബാങ്കുകള്‍ തങ്ങളുടെ 80,000 കോടി നിക്ഷേപത്തില്‍ 2,400 കോടിയോളം രൂപ മാത്രമാണ് ക്യാഷായി സൂക്ഷിക്കുന്നത്. ബാക്കി വായ്പ നല്‍കി കഴിഞ്ഞു വരുന്ന പണം ജില്ലാ സഹകരണ ബാങ്കിലാണ് മുഖ്യമായി നിക്ഷേപിക്കുക. മറ്റു വാണിജ്യ ബാങ്കുകളിലും നിക്ഷേപിക്കാറുണ്ട്. ഇതു പിന്‍വലിക്കാന്‍ കഴിഞ്ഞാലേ പണം പിന്‍വലിക്കുവാന്‍ ആഗ്രഹിക്കുന്ന ഇടപാടുകാര്‍ക്കു പണം നല്‍കാന്‍ കഴിയൂ. പക്ഷേ റിസര്‍വ്വ് ബാങ്ക് പറയുന്നത് മറ്റു ബാങ്കുകളില്‍ നിന്ന് 24,000 രൂപ വീതമേ പിന്‍വലിക്കാന്‍ കഴിയൂ എന്നാണ്. അപ്പോള്‍ പിന്നെ ഇടപാടുകാര്‍ക്കു പണം നല്‍കാന്‍ എന്തു ചെയ്യും? അവര്‍ക്കു പണം അത്യന്താപേക്ഷിതമാണെങ്കില്‍ സഹകരണ ബാങ്കുകളിലെ പണം ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ആയോ മാറ്റി അവിടെ നിന്നു പണം പിന്‍വലിക്കാമല്ലോ എന്നാണ് വാണിജ്യ ബാങ്കുകളുടെയും ആര്‍ബിഐയുടെയും ചിന്ത. അതോടെ ആര്‍ബിഐയ്ക്ക് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ തലവേദന ഒഴിഞ്ഞുകിട്ടും.

ഇതിന്‍റെ പശ്ചാത്തലം വൈദ്യനാഥന്‍ കമ്മീഷന്‍ പരിഷ്കാരങ്ങള്‍ സ്വീകരിക്കുവാന്‍ കേരളം വിസമ്മതിച്ചതാണ്. യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒരേ സമീപനമാണ് കൈക്കൊണ്ടത്. അതുകൊണ്ട് പ്രാഥമിക സഹകരണ ബാങ്കുകള്‍ ചില ഭേദഗതികളോടെ പഴയതുപോലെ തുടരുകയാണ്. ഈ പ്രശ്നം പ്രാഥമിക സഹകരണ ബാങ്കുകളെ തകര്‍ത്തുകൊണ്ട് നേടാന്‍ ഇന്നത്തെ പ്രതിസന്ധി ഒരു അവസരമാക്കുകയാണ്. ഇതില്‍ അഞ്ചാംപത്തി പണിയാണ് കേരളത്തിലെ ബിജെപി സ്വീകരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :