സി‌പി‌എം കണ്ണൂര്‍ ജില്ലാ സമ്മേളനം തുടങ്ങി; വി‌എസ് എത്തില്ല!

സി‌പി‌എം, കണ്ണൂര്‍, വി‌എസ് അച്യുതാനന്ദന്‍
കൂത്തുപ്പറമ്പ്| vishnu| Last Modified വ്യാഴം, 29 ജനുവരി 2015 (11:13 IST)
ബിജെപി വിട്ട് വന്ന് നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ പാര്‍ട്ടിയിലെടുത്ത നടപടി ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങളുമായി സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തുടങ്ങി.
ജില്ലയില്‍ മൂന്ന് വര്‍ഷത്തിനിടയിലുണ്ടായ വിവിധ രാഷ്ട്രീയ കൊലപാതകങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. കൂത്തുപറമ്പ് ഇ നാരായണന്‍ നഗറില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

അതേസമയം സമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വി‌എസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിഎസ് സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കിയെന്ന അഭിപ്രായം കണ്ണൂര്‍ നേതൃത്വത്തിനുണ്ട്. പാര്‍ട്ടി ജില്ലാ നേതൃത്വം പ്രതിക്കൂട്ടിലായ കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ ലോബിയുടെയും വിഎസിന്റെയും നിലപാടുകള്‍ രണ്ടുദിശയിലായിരുന്നു. ഇതടക്കം ഒട്ടേറെ വിഷയങ്ങളില്‍ വിഎസിനെതിരെയുള്ള പരസ്യവിമര്‍ശനങ്ങള്‍ക്കു വേദിയാകും എന്നു കരുതുന്ന സമ്മേളനത്തില്‍നിന്നാണു വിഎസ് പിന്‍മാറുന്നത്.

സമാപനദിവസത്തെ പൊതുസമ്മേളനത്തില്‍ വിഎസിനെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിലുടനീളം വിഎസ് പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. ഔദ്യോഗികപക്ഷത്തിനു സമഗ്രാധിപത്യമുള്ള കണ്ണൂരിലെ സമ്മേളനത്തില്‍നിന്നുള്ള വിഎസിന്റെ അപ്രതീക്ഷിത പിന്‍മാറ്റത്തേക്കുറിച്ച് സ്ഥിരീകരണമൊന്നും വന്നിട്ടീല്ല. അവസാനനിമിഷമുള്ള വിഎസിന്റെ പിന്‍മാറ്റം വിഭാഗീയതയുടെ തുടര്‍ച്ചയായി വ്യാഖ്യാനിക്കപ്പെടുന്ന ആശങ്ക നേതൃത്വത്തിനുണ്ട്. 18 ഏരിയകളില്‍ നിന്നായി 400 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനമാണ് കണ്ണൂരിലേത്.

അതേസമയം 1964 നു മുന്‍പ് പാര്‍ട്ടി അംഗത്വമുള്ളവരെ ആദരിക്കുന്ന പരിപാടിയിലേക്ക് പിണറായി വിമര്‍ശകനായ ബര്‍ലിന്‍ കുഞ്ഞനന്തനെ ക്ഷണിച്ചിട്ടീല്ല. 1942ല്‍ പി കൃഷ്ണപിള്ളയില്‍ നിന്ന് നേരിട്ട് പാര്‍ട്ടി മെമ്പര്‍ഷിപ്പ് കൈപറ്റിയ ആളാണ് കുഞ്ഞനന്തന്‍. 1964ന് മുന്‍പ് പാര്‍ട്ടി അംഗത്വമുള്ളവര്‍, എതിരാളികളുടെ ആക്രമണത്തില്‍ അംഗഭംഗം സംഭവിച്ചവര്‍,രക്തസാക്ഷി കുടുംബങ്ങള്‍ തുടങ്ങി 353 പേരെയാണ് പോരാളികളുടെ സംഗമം എന്ന് പേരിട്ട പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. സംസ്ഥാനത്തൊട്ടാകെ ഔദ്യോഗിക പക്ഷത്തിന് മേല്‍ക്കൈ നടാനുള്ള പിണറായി പക്ഷത്തിന്റെ നീക്കമാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്നാണ് സൂചന.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :