പഞ്ചായത്തുകള്‍ ചുവപ്പിക്കാന്‍ സിപിഎം; സർക്കുലര്‍ ഘടകങ്ങൾക്ക് നല്‍കി

  സിപിഎം , ബിജെപി , തെരഞ്ഞെടുപ്പ് , പ്രകടന പത്രിക , എസ്എന്‍ഡിപി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (14:54 IST)
തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയം രുചിക്കുന്നതും തങ്ങളുടെ വോട്ട് ബാങ്കും, പാതി ശക്തിയുമായിരുന്ന എസ്എന്‍ഡിപി ബിജെപിയോട് അടുക്കുന്ന സാഹചര്യവും സംജാതമായതോടെ വരും തെരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറിപറപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി സിപിഎം രംഗത്ത്.

പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശക്തമായി പ്രവര്‍ത്തിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുമുള്ള അലംഭാവം പാടില്ലെന്ന് സിപിഎം കീഴ് ഘടകങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും അതിനുശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമാണ് സിപിഎം ലക്ഷ്യം വെക്കുന്നത്.

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുന്നതിനാല്‍ സംസ്ഥാന തലത്തിൽ ഒന്നും ഓരോ തദ്ദേശസ്ഥാപനത്തിനായി പ്രത്യേകവും പ്രകടന പത്രികകൾ തയാറാക്കണം. പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി പ്രകടന പത്രികകളിലെ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും നിര്‍ദേശമുണ്ട്. സമകാലികമായ വിഷയങ്ങള്‍ ഏറ്റെടുക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം. ഏതെങ്കിലും തരത്തിലുള്ള സമര-പ്രക്ഷോഭങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് ഏറ്റെടുക്കാന്‍ പ്രവര്‍ത്തകര്‍ തയാറാകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നതിനാല്‍ മുന്നണിയിലെ ഘടകകക്ഷികൾ തമ്മിലോ, സഹകരിക്കുന്ന പാർട്ടികളുമായോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഇടപെട്ടു പരിഹരിക്കണം. ആ വിഷയങ്ങള്‍ ഘടകങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിനായി മുന്‍ കൈ എടുക്കുകയും വേണം. അതിനായി യാതൊരു വിധത്തിലുമുള്ള മടിയും കാണിക്കരുത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും വിജയിപ്പിക്കുന്നതിനും ആഭ്യന്തരപ്രശ്‌നങ്ങള്‍ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സർക്കുലറിൽ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് ഒരു ബൂത്തിൽ നാലു സ്ക്വാഡ് വീതം വേണം. കൺവീനർ പ്രാപ്തനാണോ, മാറ്റേണ്ടതുണ്ടോ എ​ന്നു ഘടകങ്ങള്‍ പരിശേധിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണമെന്നും നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പ് വേളയില്‍ ഭവന സന്ദര്‍ശനത്തിനായി പാർട്ടി നേതാക്കൾ തന്നെ അടങ്ങുന്ന സ്ക്വാഡ് രൂപികരിക്കണം. വീട് കയറിയുള്ള പ്രചാരണം ഒഴിവാക്കാന്‍ പാടില്ല. ഇതിനായി മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തി അലവൻസ് നൽകി നിയോഗിക്കണം. ഇതടക്കം ഓരോ ലോക്കൽ തലത്തിലെയും തെരഞ്ഞെടുപ്പു ചെലവു കണക്കാക്കി ഫണ്ട് സ്വരൂപിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പില്‍ പങ്കാളികളാകണം. മഹിള, യുവജനം, ബാലസംഘം, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, പ്രവാസി, വ്യാപാരി വ്യവസായ സമിതി എന്നിവയും അവരുടേതായ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കാഴ്‌ചവെക്കുകയും പാര്‍ട്ടിയിലേക്ക് ആളുകളെ അടുപ്പിക്കുകയും വേണം. വിട്ട് നില്‍ക്കുന്നവരെയും അഭിപ്രായ വ്യത്യാസമുള്ളവരെയും നേരില്‍ കണ്ട് സംസാരിച്ച് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് കൂടെ കൂട്ടണമെന്നും കര്‍ശനമായ നിര്‍ദേശമുണ്ട്.

എല്ലാ ലോക്കലുകളിലും അനുഭാവി യോഗങ്ങൾ സംഘടിപ്പിക്കണം. സഹസംഘടനകൾ അവയുടെ മേഖല കേന്ദ്രീകരിച്ചു വേറെയും കുടുംബയോഗങ്ങൾ വിളിക്കണം. പ്രധാന വ്യക്തികളെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ നേരിട്ടു കാണാൻ ശ്രമിക്കുകയും വേണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :