തിരുവനന്തപുരം|
Last Modified ചൊവ്വ, 9 ജൂലൈ 2019 (15:48 IST)
താനും മകനും ജീവനൊടുക്കിയാല്‍ സി പി എമ്മിനായിരിക്കും അതിന്‍റെ ഉത്തരവാദിത്തമെന്ന് സി പി എം നേതാവ് എം എം ലോറന്‍സിന്‍റെ മകള്‍ ആശ ലോറന്‍സ്. പാര്‍ട്ടി ഇടപെട്ടാണ് തന്നെ സിഡ്‌കോയിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നും ആശ ലോറന്‍സ് പറയുന്നു.
തന്‍റെ മകന്‍ ശബരിമല പ്രക്ഷോഭത്തില്‍ ബി ജെ പി വേദി പങ്കിട്ടതിന്‍റെ പക തീര്‍ക്കലാണ് ഇപ്പോള്‍ സി പി എം നടത്തുന്നതെന്നും ആശ ലോറന്‍സ് ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ആശ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടപ്പോള്‍ മന്ത്രി ഇ പി ജയരാജനെ കണ്ടിരുന്നെന്നും പരിഹാസവും പുച്ഛവുമായിരുന്നു മന്ത്രിയുടെ പ്രതികരണമെന്നും ആശ വ്യക്തമാക്കുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി പറഞ്ഞതായും കത്തില്‍ ആശ വെളിപ്പെടുത്തുന്നു.
തന്‍റെ ജീവിതത്തിന് താങ്ങായി നിന്ന മതിലായിരുന്നു ജോലിയെന്നും അതാണ് പാര്‍ട്ടി തീരുമാനമെന്ന ജെ സി ബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയതെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആശ ലോറന്‍സ് പറയുന്നു. പ്രായപൂര്‍ത്തിയായ മകന്‍ അവന്‍റെ വിശ്വാസം പ്രകടിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടത് താനാണെന്നും ആശ ലോറന്‍സ് ചൂണ്ടിക്കാട്ടുന്നു.