പൂര്‍ണ നഗ്നനായ ഉമ്മൻചാണ്ടി ഇപ്പോഴും തുടരുന്നത് തൊലിക്കട്ടി കൊണ്ട് : കാനം

കോഴിക്കോട്| Sajith| Last Modified തിങ്കള്‍, 1 ഫെബ്രുവരി 2016 (17:08 IST)
പൂർണ നഗ്നനായിട്ടും തൊലിക്കട്ടി കൊണ്ടാണ് ഉമ്മൻ ചാണ്ടി ഇപ്പോഴും തുടരുന്നതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരോപണങ്ങളെ തൊലിക്കട്ടി കൊണ്ടു നേരിടാതെ ഈ സർക്കാർ രാജിവച്ചു ജനവിധി തേടുകയാണ് വേണ്ടതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ കോടതിയിൽ ഒരൊറ്റ ബെഞ്ചു മാത്രമേയുള്ളുയെന്നും ബെഞ്ചു മാറി ഹർജി കൊടുക്കാൻ കഴിയില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എൽഡിഎഫിന്റെ മദ്യ നയം ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ സിപിഐ അതെകുറിച്ചു അഭിപ്രായം പറയില്ല. മദ്യനിരോധനമല്ല മദ്യ വർജനമാണ് സിപിഐ മുന്നോട്ടുവയ്ക്കുന്ന ആശയം. എന്തുതന്നെ ആയാലും ഈ സർക്കാരിന്റെ മദ്യനയത്തോടു ഒരുകാരണവശാലും യോജിക്കാന്‍ കഴിയില്ല. മദ്യനിരോധനം കൊണ്ടു ഗുണമുണ്ടായെന്ന അവകാശം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകളിൽ നിന്നു സംഭാവന സ്വീകരിക്കുന്നതിനു സിപിഐ ഒരിക്കലും എതിരല്ല. എന്നാൽ, കോഴ വാങ്ങാൻ പാടില്ല. കോഴയും സംഭാവനയും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടി.പി. ശ്രീനിവാസനെ തല്ലിയ എസ്എഫ്ഐയുടെ പ്രവൃത്തി ദേശീയതലത്തിൽ അസഹിഷ്ണുതയ്ക്കെതിരെ ഇടതുപക്ഷം നടത്തുന്ന പോരാട്ടങ്ങളെ ക്ഷീണിപ്പിക്കുമെന്ന് കാനം പറഞ്ഞു. ആചരങ്ങൾക്കോ മതത്തിനോ ഒരിക്കലും സിപിഐ എതിരല്ല. എന്നാൽ, വർഗീയതയ്ക്കും ന്യൂനപക്ഷ പ്രീണനത്തിനും എതിരാണ്. അത്തരം സംഘടനകളുമായി ഒരുതരത്തിലുള്ള ബന്ധവും സിപിഐ ആഗ്രഹിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ പാത സംബന്ധിച്ച സിപിഎം നിലപാടു മാറ്റത്തെക്കുറിച്ച് അവരോടുതന്നെ ചോദിക്കുന്നതാണ് നല്ലത്. പുനരധിവാസം ഉറപ്പാക്കിയുള്ള വികസനത്തെ സിപിഐ എതിർക്കില്ല. ജനങ്ങളാണോ വികസനമാണോ വലുതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വേണ്ടതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐയുടെ ജനകീയ യാത്രയുടെ ഭാഗമായിട്ടാണ് കാനം ജില്ലയിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :