അഭിറാം മനോഹർ|
Last Updated:
ഞായര്‍, 16 മെയ് 2021 (15:34 IST)
ഭാര്യയെ ഡ്രവിംഗ് പഠിപ്പിക്കാൻ പുറത്തിറങ്ങിയ കൊവിഡ് രോഗിയെ പോലീസ് കയ്യോടെ പിടികൂടി. വയനാട് പനമരത്തിലാണ് സംഭവം. കൊവിഡ് സ്ഥിരീകരിച്ചിട്ടും ഇയാൾ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ നിരത്തിലിറങ്ങുകയായിരുന്നു. കേണിച്ചിറ താഴെമുണ്ട സ്വദേശിയായ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
കൊവിഡ് പോസിറ്റീവായവർ വീട്ടിൽ ക്വാറന്റൈൻ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് താഴെമുണ്ട സ്വദേശിയുടെ വീട്ടിലെത്തിയത്. വീട്ടിൽ പക്ഷേ ഇയാൾ ഉണ്ടായിരുന്നില്ല. ബന്ധുക്കളിൽ നിന്നും പരസ്‌പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. തുടർന്ന് രോഗിയെ ഫോണിൽ വിളിച്ചപ്പോൾ കൊവിഡ് പരിശോധനയ്‌ക്ക് പുറത്തുപോയതെന്നായിരുന്നു മറുപടി.
സംശയം തോന്നിയ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാൾ പൊതുനിരത്തിൽ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുന്നത് കണ്ടെത്തിയത്. ഇയാൾക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസെടുത്തു.