സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 19 ഡിസംബര്‍ 2023 (13:55 IST)
സംസ്ഥാനത്ത് കൊവിഡിന്റെ ജെഎന്‍.1 വകഭേദം കണ്ടെത്തിയത് ആരോഗ്യ സംവിധാനം മികച്ചതായതിനാലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവു കൊണ്ടാണ് എപ്പോഴും കാര്യങ്ങള്‍ കൃത്യമായി കണ്ടെത്തുന്നത്. അത് ഇവിടെ രോഗം പടരുന്നു എന്ന രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാന്‍ കരുതല്‍ സ്വീകരിക്കണം.
അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരില്‍ ജെഎന്‍ 1 ഉണ്ടെന്ന് സിംഗപ്പൂര്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കോവിഡ് വകഭേദം ഉണ്ടെന്നാണ്. കേരളത്തില്‍ ഇത് പരിശോധനയിലൂടെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത. കേരളത്തിലെ സംവിധാനങ്ങളുടെ മികവു കൊണ്ടും ജാഗ്രത കൊണ്ടുമാണ് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് കൃത്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഐസിയു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ഉപയോഗം കൂടുന്നുണ്ടോ എന്ന് തുടക്കം മുതല്‍ പരിശോധിക്കുന്നുണ്ട്. ഇപ്പോഴുമത് നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.