ശ്രീനു എസ്|
Last Updated:
ബുധന്‍, 16 സെപ്റ്റംബര്‍ 2020 (13:56 IST)
കോവിഡ് കാലത്ത് കേരളത്തിലേക്ക് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയത് 10,05,211 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതില്‍ 62.16 ശതമാനം (6,24,826 പേര്) ആഭ്യന്തര യാത്രക്കാരാണ്. മടങ്ങിവന്നവരില്‍ അന്താരാഷ്ട്ര യാത്രക്കാരാര്‍ 3,80,385 (37.84 ശതമാനം) പേരാണ്. ആഭ്യന്തര യാത്രക്കാരില്‍ 59.67 ശതമാനം പേരും റെഡ്സോണ്‍ ജില്ലകളില്‍ നിന്നാണെത്തിയത്.
ആഭ്യന്തര യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര് കര്‍ണാടകയില്‍ നിന്നാണ് വന്നത്, 1,83,034 പേര്. തമിഴ്നാട്ടില്‍ നിന്നും 1,67,881 പേരും മഹാരാഷ്ട്രയില്‍ നിന്നും 71,690 പേരും വന്നു. അന്താരാഷ്ട്ര യാത്രക്കാരില്‍ കൂടുതല്‍ എത്തിയത് യുഎഇയില്‍ നിന്നാണ്, 1,91,332 പേര്. ആകെ വന്ന അന്താരാഷ്ട്ര യാത്രക്കാരുടെ 50.29 ശതമാനമാണിത്. സൗദി അറേബ്യയില്‍ നിന്ന് 59,329 പേരും ഖത്തറില്‍ നിന്ന് 37,078 പേരും വന്നു.
ജോലി നഷ്ടപ്പെട്ടു മടങ്ങി വരുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വഴി ലഭ്യമാക്കുന്ന 5000 രൂപയുടെ സഹായം 78,000 പേര്‍ക്ക് നല്കി. 39 കോടി രൂപ ഇങ്ങനെ വിതരണം ചെയ്തു. കേരളം പ്രവാസികള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്നു എന്ന് ഒരു ഘട്ടത്തില്‍ പ്രചരിപ്പിച്ചവരുണ്ട്. എന്നാല്‍ ഇവിടേക്ക് വന്ന എല്ലാവരെയും സ്വീകരിക്കുകയാണ് നാം ചെയ്തെന്ന് ഈ കണക്ക് തെളിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.