അവര്‍ മാലാഖമാര്‍ മാത്രമല്ല, കടന്നുപോകുന്നത് വലിയ മാനസിക സമ്മര്‍ദങ്ങളിലൂടെ; കോവിഡ് 'മുന്‍നിര പോരാളികള്‍' വീണുപോകരുത്

നെല്‍വിന്‍ വില്‍സണ്‍| Last Updated: ശനി, 22 മെയ് 2021 (14:25 IST)

'ഞാന്‍ മുലയൂട്ടുന്ന അമ്മയാണ്. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയാല്‍ കുഞ്ഞിനെ സ്‌നേഹത്തോടെ ലാളിക്കാന്‍ പോലും പറ്റുന്നില്ല. പേടിയാണ് ! മുലയൂട്ടാനും പേടിയാണ്. കുഞ്ഞിന് ഞാന്‍ വഴി കോവിഡ് വന്നാലോ എന്നൊക്കെയാണ് ആശങ്ക. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി കുളിയൊക്കെ കഴിഞ്ഞാണ് കുഞ്ഞിനെ എടുക്കുന്നതു പോലും. എന്നിട്ടും, ഭയത്തിനു കുറവൊന്നുമില്ല!' സ്വകാര്യ ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഒരു നഴ്‌സ് പറഞ്ഞതാണ്.

'ആദ്യത്തേതിനേക്കാള്‍ ഭീകരമായ അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. പട്രോളിങ് ഊര്‍ജ്ജിതമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ടോ എന്ന് നോക്കുക അത്ര എളുപ്പമുള്ള പണിയല്ല. ചില ദിവസങ്ങളില്‍ പട്രോളിങ് കഴിഞ്ഞ് വീട്ടിലെത്തുന്നത് പുലര്‍ച്ചെ രണ്ട് മണിയൊക്കെ ആകുമ്പോഴാണ്. കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കുറച്ച് സമയം ചെലവഴിക്കാന്‍ പോലും സാധിക്കുന്നില്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യം വരുന്നു,' നഗരത്തില്‍ കോവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണ്.

ആരോഗ്യപ്രവര്‍ത്തകരും പൊലീസും കോവിഡിനെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ്. കോവിഡ് മുന്‍നിര പോരാളികള്‍ എന്നാണ് അവര്‍ വിളിക്കപ്പെടുന്നത്. എന്നാല്‍, കോവിഡ് മഹാമാരി ഇവരുടെയൊക്കെ വ്യക്തി ജീവിതത്തില്‍ വലിയ ആത്മസംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്. ശരീരവും മനസും ഒരുപോലെ തളരുന്ന അവസ്ഥ. കോവിഡ് സൃഷ്ടിച്ച സമ്മര്‍ദങ്ങളെയും നിരാശയെയും ഈ മുന്‍നിര പോരാളികള്‍ എങ്ങനെ മറികടക്കും?

ആരോഗ്യപ്രവര്‍ത്തകര്‍ ശാരീരികവും മാനസികവുമായി കരുത്തുള്ളവരായി നില്‍ക്കണമെങ്കില്‍ സമൂഹം കൂടി ശ്രദ്ധിക്കണമെന്നാണ് ബര്‍മുഡയില്‍ രജിസ്റ്റേര്‍ഡ് നഴ്‌സ് ആയി സേവനം ചെയ്യുന്ന അമ്പിളി വിശ്വം പറയുന്നത്. 'ഇവിടെ തുടര്‍ച്ചയായി 17 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ട്. ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് എത്തുമ്പോഴേക്കും ശാരീരികമായി ഏറെ ക്ഷീണിക്കും. ചില സമയത്ത് മാനസികമായും നമുക്ക് ഏറെ ബുദ്ധിമുട്ട് തോന്നും. ആരോഗ്യപ്രവര്‍ത്തകരുടെ മാനസിക പ്രശ്‌നങ്ങള്‍ മനസിലാക്കാനും അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനും ഇവിടെ സാധ്യതകളുണ്ട്. കൗണ്‍സിലിങ് അടക്കമുള്ള സഹായങ്ങള്‍ ആശുപത്രികളില്‍ ഉണ്ട്. ഒരുപരിധി വരെ ആരോഗ്യപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യപ്പെടുന്നുണ്ട്. കേരളത്തിലും ഇങ്ങനെയുള്ള സാധ്യതകള്‍ തേടണം. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒത്തിരി ആരോഗ്യപ്രവര്‍ത്തകരുണ്ട്. ആ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യണം,' അമ്പിളി പറഞ്ഞു.

'ആരോഗ്യപ്രവര്‍ത്തകരോട് കുടുംബാംഗങ്ങളുടെ സമീപനത്തിലും മാറ്റം വേണം. ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തുന്ന സമീപനം നല്ലതല്ല. മണിക്കൂറുകള്‍ ജോലി ചെയ്ത് വീട്ടിലെത്തുമ്പോള്‍ കോവിഡിന്റെ പേരില്‍ ചിലപ്പോള്‍ അവരോട് സംസാരിക്കുക പോലും ചെയ്യാത്ത വീട്ടുകാരുണ്ട്. കോവിഡിനെ കുറിച്ചുള്ള അവബോധക്കുറവാണ് അതിനു കാരണം. വീട്ടില്‍ നിന്നു പോലും ഇത്തരം മാറ്റിനിര്‍ത്തലുകള്‍ ഉണ്ടായാല്‍ അത് ആരോഗ്യപ്രവര്‍ത്തകരെ കൂടുതല്‍ നിരാശരാക്കും,'

മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍..., ഇങ്ങനെയുള്ള കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കണം. ഇതില്‍ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും പ്രത്യേകം ശ്രദ്ധിക്കണം. മാനസികമായ സമ്മര്‍ദം ഇവരെ പെട്ടെന്ന് ബാധിച്ചേക്കാം. അങ്ങനെയുള്ള മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുതെന്നും അമ്പിളി വെബ് ദുനിയ മലയാളത്തോട് പറഞ്ഞു.

'നിയന്ത്രണങ്ങളോട് സഹകരിക്കാനും ജനങ്ങള്‍ ശ്രദ്ധിക്കണം. ഇവിടെ റോഡുകളില്‍ പൊലീസ് ഉണ്ട്. നിയന്ത്രണങ്ങള്‍ കേരളത്തേക്കാള്‍ കര്‍ക്കശമാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കൂടുതല്‍ കടുത്ത നടപടികളെടുക്കും. വലിയ പിഴയാണ് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങള്‍ കൂടുതല്‍ സഹകരിക്കുന്നുണ്ട്. ജനങ്ങള്‍ കൂടുതല്‍ സഹകരിക്കാന്‍ തയ്യാറായാല്‍ പൊലീസിനും ജോലിഭാരം കുറയും. അത് അവരുടെ മാനസിക സമ്മര്‍ദം കുറയ്ക്കും,' അമ്പിളി പറഞ്ഞു.

അമ്പിളി വിശ്വം






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :