കോഴിക്കോട്|
jibin|
Last Modified ശനി, 28 ഒക്‌ടോബര്‍ 2017 (12:01 IST)
വനിതാ ഹോസ്റ്റലിനുമുന്നിൽ രാത്രിസമയം എസ്ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമർദനം. നടക്കാവ് സ്വദേശി അജയ് ആണ് പൊലീസിന്റെ മര്‍ദ്ദനെത്തെത്തുടര്‍ന്ന് കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കുട്ടിയുടെ കഴുത്തിനും പല്ലിനും പരുക്കുണ്ട്.
സംഭവത്തെ കുറിച്ച് ഡിജിപി ലോക്‍നാഥ് ബെഹ്‌റ കോഴിക്കോട് കമ്മിഷണറോട് വിശദീകരണം തേടി. അതിനിടെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴിയെടുത്തു.
കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു സമീപം വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. മെഡിക്കല്‍ കോളെജ് എസ്‌ഐ ഹബീബുള്ള രാത്രിയില്‍ ഹോസ്‌റ്റലില്‍ എത്തുകയും ഒരു യുവതിയുമായി ഏറെനേരം സംസരിക്കുകയുമായിരുന്നു.
കാര്യം അന്വേഷിച്ച് ഹോസ്‌റ്റലിന് സമീപം താമസിക്കുന്ന പുരുഷോത്തമന്‍ എന്നയാള്‍ കാര്യം അന്വേഷിച്ചതോടെ എസ്ഐ
ആക്രോശിച്ചു കൊണ്ട് മര്‍ദ്ദിച്ചു. പതിനാറുകാരനെയും
എസ്ഐ മര്‍ദ്ദിച്ചു. താന്‍ ആരാണെന്ന് മനസിലായില്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം.
കുട്ടിയുടെ വയറ്റില്‍ ചവിട്ടിയ എസ്ഐ ജീപ്പിനുള്ളില്‍ കയറ്റി കൈകള്‍ പിടിച്ചുവെച്ച് മര്‍ദ്ദിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ കുട്ടിയെ ഇറക്കിവിട്ടശേഷം എസ്ഐ ജീപ്പുമായി കടന്നു. അജയ്‌യുടെ നെഞ്ചിലും മുഖത്തിനു നേർക്കും എസ്ഐ കൈ ചുരുട്ടി ഇടിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു.
സംഭവം വിവാദമായതോടെ പ്രതിശ്രുത വധുവിനെ കാണാനാണ് വനിതാ ഹോസ്റ്റലിൽ എത്തിയതെന്നാണ് എസ്ഐ പറയുന്നത്. അതേസമയം, സംഭവത്തെ തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും എസ്ഐക്കെതിരായ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് അജയ്‌യുടെ ബന്ധുക്കൾ പറഞ്ഞു. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് ശനിയാഴ്ച രാവിലെ പൊലീസ് എത്തി മൊഴിയെടുത്തത്.