ന്യൂഡല്‍ഹി/തിരുവനന്തപുരം|
jibin|
Last Updated:
ശനി, 2 ഏപ്രില്‍ 2016 (12:50 IST)
കോൺഗ്രസ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച് ഉടലെടുത്ത അനിശ്ചിതത്വം അവസാനമില്ലാതെ തുടരവെ കണ്ണൂരിലെ സിറ്റിങ് എംഎല്‍എ അബ്ദുള്ളക്കുട്ടിയെ മാറ്റി പകരം സതീശന് പാച്ചേനിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മറ്റിയില്‍ ധാരണ. ഇതിന് പകരമായി തലശേരിയില്‍ അബ്ദുള്ളക്കുട്ടിയെ പരിഗണിക്കുമെന്നാണ് അറിയുന്നത്.
ഇരിക്കൂറില്‍ മന്ത്രി കെസി ജോസഫിന് പകരം സതീശന് പാച്ചേനിയെ പരിഗണിച്ചിരുന്നു. എന്നാല്‍ സ്ക്രീനിങ് കമ്മറ്റിയില്‍ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇരിക്കൂറില്‍ കെസി ജോസഫ് തന്നെ എത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെ അമ്പലപ്പുഴയില്‍ പരിഗണിക്കുന്നുണ്ട്. കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറ- രാജ്മോഹന്‍ ഉണ്ണിത്താനും പത്തനാപുരത്ത് നടന് ജഗദീഷും മത്സരിപ്പിക്കാന്‍ ധാരണയായി.
അതേസമയം, സ്വന്തം നിലപാടിൽ നിന്ന് പിന്നോക്കം പോകാതെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉറച്ചുനിന്നതോടെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച ഉടലെടുത്ത അനിശ്ചിതത്വം അവസാനമില്ലാതെ തുടരുകയാണ്. ആരോപണ വിധേയർക്ക് സീറ്റില്ല എന്നതാണ് പാർട്ടി തീരുമാനമെങ്കിൽ താനും മാറിനിൽക്കാം. അങ്ങനെയാണെങ്കില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് രംഗത്തിറങ്ങട്ടെയെന്നുമാണ് മുഖ്യമന്ത്രി ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്.